ശൈത്യകാലത്ത് വായുനിലവാരം വളരെ മോശം നിലയിലേക്കു താഴ്ന്ന് അന്തരീക്ഷത്തില്‍ പുകമറ സൃഷ്ടിക്കുന്ന ഡല്‍ഹിയിലെ മലിനീകരണത്തിന് പല കാരണങ്ങളാണുള്ളത്.
“ഞാനിവിടെ വരച്ചിട്ട ദൗര്‍ഭാഗ്യം പൂര്‍ണമായ അളവില്‍ ലോകത്തൊരു ജനതയും അഭിമുഖീകരിച്ചിട്ടുണ്ടാകില്ല. എങ്കിലും ലോകത്തുള്ള എല്ലാ ജനവിഭാഗങ്ങളും ഇതില്‍ ഏതെങ്കിലും ഒന്ന് അനുഭവിച്ചിട്ടുണ്ടാകുമെന്നു തീര്‍ച്ചയാണ്. ചിലര്‍ അതില്‍ കൂടുതലും. നാമറിയാതെ ഭീകരമായ ഏതോ വിപത്ത് നമ്മെ ബാധിച്ചിരിക്കുന്നു എന്നു നാം അറിയുന്നില്ല. പക്ഷേ ഈ സാങ്കല്പിക ദുരന്തം ഒരിക്കല്‍ വിറങ്ങലിച്ച യാഥാര്‍ഥ്യമാകുമെന്നു നാം അറിയേണ്ടിവരും”-റേച്ചല്‍ കാഴ്സണ്. (സൈലന്റ് സ്പ്രിംഗ് എന്ന പുസ്തകത്തില്‍നിന്ന്).
ശൈത്യകാല മഞ്ഞ് ഉത്തരേന്ത്യയിലേക്കെത്തുമ്പോഴാണ് ഡല്‍ഹിയില്‍ പതിവായി പരിസ്ഥിതിവാദത്തിന് ശക്തിയുണ്ടാകുന്നത്. എന്നാല്‍, യമുനാതീരങ്ങളില്‍ വര്‍ഷം മുഴുവന്‍ കുമിഞ്ഞുകൂടുന്ന പ്ലാസ്റ്റിക്കുകള്‍ക്കും മറ്റ് മാലിന്യങ്ങള്‍ക്കും നിരത്തുകളില്‍ ഉയരുന്ന വാഹനങ്ങളുടെ ഹോണ്‍ ശബ്ദങ്ങള്‍ക്കും പരിസ്ഥിതിവാദികള്‍ പലപ്പോഴും മലിനീകരണം എന്ന വ്യാഖ്യാനം നല്‍കാറില്ല. മാറിമാറി വരുന്ന സര്‍ക്കാരുകള്‍ മലിനീകരണത്തിനെതിരേ പല നടപടികളും സ്വീകരിക്കാറുണ്ടെങ്കിലും വായുമലിനീകരണവും ജലം, മണ്ണ്, വായു, ശബ്ദ മലിനീകരണങ്ങളും എപ്പോഴും തലസ്ഥാനത്ത് ഉച്ചസ്ഥായിയില്ത്തന്നെ.
തംസയും ചിറ്റെ ലൂയിയും യമുനയും
ഉത്തര്‍പ്രദേശിലെ അയോധ്യയിലേക്കൊഴുകുന്ന തംസ നദി മലിനീകരണത്തെത്തുടർന്ന് സഹസ്രാബ്ദങ്ങളായി മരണത്തിന്റെ വക്കിലായിരുന്നു. എന്നാല്‍, അയോധ്യയിലെ ഐഎഎസ് ഉദ്യോഗസ്ഥരുടെയും നൂറിലധികം ഗ്രാമങ്ങളുടെയും പ്രദേശവാസികടെയും കൂട്ടായ പരിശ്രമത്തിലൂടെ തംസ നദി ഇന്ന് ഇടമുറിയാതെ ഒഴുകുന്നു.
നാട്ടുകാരുടെയും ശുചീകരണ പ്രവര്‍ത്തകരുടെയും സ്കൂള്‍ വിദ്യാര്‍ഥികളുടെയും വനിതാ സ്വയംസഹായ സംഘങ്ങളുടെയുമെല്ലാം സഹകരത്തോടെ 111 കിലോമീറ്റർ നദിയുടെ 89 കിലോമീറ്റര്‍ തീരത്തെ പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റ് അവശിഷ്ടങ്ങളും നീക്കംചെയ്തു. നദിയുടെ ആഴം കുറഞ്ഞ ഭാഗങ്ങളില്‍നിന്ന് മണ്ണ് നീക്കം ചെയ്ത ഗ്രാമീണര്‍ വര്‍ഷങ്ങളുടെ അധ്വാന ഫലമായി നദിയെ പുനരുജ്ജീവിപ്പിച്ചതിനുശേഷം വീണ്ടുമൊരു നാശത്തിലേക്ക് തള്ളിവിടാതിരിക്കാനുള്ള മുന്കരുതലുകളുമെടുത്തു. ഇനിയും നദി മലിനമാകാതിരിക്കാന്‍ ഓരോ ഗ്രാമീണനും തീരുമാനമെടുത്ത് തീരങ്ങളില്‍ ഡസ്റ്റ് ബിന്നുകൾ സ്ഥാപിച്ചു. ഒപ്പം ഫലവൃക്ഷങ്ങൾ നട്ടുപിടിപ്പിച്ചു.
മിസോറാമിലെ ഐസ്വാളില് നഗരമലിനീകരണവും മാലിന്യം തള്ളലും തീരദേശ കൈയേറ്റങ്ങളും വനനശീകരണവും മൂലം ദുരിതത്തിലായ ചിറ്റെ ലൂയി നദിയെയും അധികൃതരുടെയും നാട്ടുകാരുടെയും കൂട്ടായ പരിശ്രമത്തിലൂടെ പുനരുജ്ജീവിപ്പിച്ചതാണ്. 2007ല്‍ ആരംഭം കുറിച്ച ‘സേവ് ചിറ്റെ ലൂയി' പ്രസ്ഥാനം എങ്ങനെ ഒരു നദിയെ രക്ഷിച്ചെടുക്കാമെന്നതിനു മാതൃകയാണ്. പുഴകളില്‍നിന്ന് ശേഖരിച്ച മാലിന്യം ഉപയോഗിച്ച് മിസോറാമിലെ ആദ്യ പ്ലാസ്റ്റിക് റോഡ് നിര്‍മിച്ച അധികൃതർ, വേസ്റ്റ് വെല്‍ത്താക്കി മാറ്റാമെന്നും തെളിയിച്ചു. ചിറ്റെ ലൂയി നദിയിലേക്കു മാലിന്യങ്ങള്‍ തള്ളുന്നതിന് കര്‍ശന ശിക്ഷ നല്കുന്ന നിയമം 2018ല്‍ മിസോറാം നിയമസഭ പാസാക്കി.
ഉത്തരാഖണ്ഡിലെ യമുനോത്രി ഹിമാനിയില്‍നിന്ന് ഉദ്ഭവിച്ച് 1300ലധികം കിലോമീറ്റര്‍ ദൈർഘ്യമുള്ള യമുനാനദിയും മലിനീകരണത്തിൽനിന്ന് കര കയറിയിട്ടില്ലെങ്കിലും മാറിമാറി വന്ന സര്‍ക്കാരുകള്‍ പല നടപടികളും കൈക്കൊണ്ടിട്ടുണ്ട്. യമുനയുടെ പുനരുജ്ജീവനത്തിന് വിവിധ വര്‍ഷങ്ങളിലായി പതിനായിരത്തിലധികം കോടി രൂപ സര്‍ക്കാരുകള്‍ ചെലവഴിച്ചിട്ടുണ്ട്. എങ്കിലും യമുനയുടെ പല ഭാഗങ്ങളിലും ഇപ്പോഴും വിഷപ്പതകള് ഉയരുന്നുണ്ട്.
പല ഇടങ്ങളിലെയും വെള്ളത്തിന്റെ ഗുണനിലവാരം തലസ്ഥാനത്തെ വായുനിലവാരം പോലെ മോശമാണ്. യമുനയുടെയും രാജ്യത്തെ പല നദികളുടെയും സംരക്ഷണത്തിന് സര്‍ക്കാര്‍ ഖജനാവുകളില്‍നിന്ന് ചെലവഴിക്കുന്ന കോടിക്കണക്കിന് രൂപ മാത്രം പോരെന്നും ജനങ്ങളുടെ പങ്കാളിത്തംകൂടി ഉണ്ടാകണമെന്നും തെളിയിക്കുന്നതാണ് തംസ നദിയുടെയും ചിറ്റെ ലൂയി നദിയുടെയും പുനരുജ്ജീവന അനുഭവങ്ങൾ.
പരാജയപ്പെടുന്ന പരീക്ഷണങ്ങള്‍
ശൈത്യകാലത്ത് വായുനിലവാരം വളരെ മോശം നിലയിലേക്കു താഴ്ന്ന് അന്തരീക്ഷത്തില്‍ പുകമറ സൃഷ്ടിക്കുന്ന ഡല്‍ഹിയിലെ വായുമലിനീകരണത്തിന് പല കാരണങ്ങളാണുള്ളത്. വ്യാവസായ മലിനീകരണം, വാഹനങ്ങളില്‍നിന്നുള്ള പിഎം 2.5, പിഎം 10 കണികകളുടെ ഉദ്ഗമനം, ഡല്‍ഹിയുടെ ചുറ്റുമുള്ള സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ കൊയ്ത്തിനു ശേഷം വൈക്കോലുകള്‍ കൂട്ടിയിട്ടു കത്തിക്കുന്നത്, പടക്കംപൊട്ടിക്കൽ, ഡല്‍ഹിയിലെ കാലാവസ്ഥാ ഘടകങ്ങള്‍ തുടങ്ങി വിവിധ കാരണങ്ങള്‍കൊണ്ടാണ് വായുനിലവാരം വളരെ മോശത്തില്‍നിന്ന് നവംബര്‍ മുതല്‍ ഫെബ്രുവരി വരെ ഗുരുതരമാകുന്നത്. ഇതിനെയെല്ലാം നേരിടാന്‍ ഭരണകൂടവും നീതിന്യായ സ്ഥാപനങ്ങളും ഉദ്യോഗസ്ഥരും പല നടപടികള്‍ കൈക്കൊണ്ടിട്ടുണ്ടെങ്കിലും ശൈത്യകാലമെത്തുമ്പോള്‍ ഡല്‍ഹി ഇന്നും മഞ്ഞിലും പുകയിലും മൂടപ്പെടുന്നു.
മലിനീകരണം നേരിടാന്‍ ആന്റി-സ്മോഗ് ഗണ്ണുകള്‍ ഘടിപ്പിച്ച വാഹനങ്ങളും വെള്ളം ചീറ്റുന്ന വൈദ്യുതി പോളുകളും ് തലസ്ഥാനത്തുണ്ടെങ്കിലും അതൊന്നും അപകടകരമായ നിലയില്‍ തുടരുന്ന വായുമലിനീകരണ സൂചികയില്‍ കുറവ് വരുത്തുന്നില്ല. കൊട്ടിഘോഷത്തോടെ നടപ്പിലാക്കപ്പെട്ട ഡല്‍ഹിയിലെ സ്മോഗ് ടവറും കൃത്രിമ മഴ പരീക്ഷണങ്ങളും പരാജയങ്ങളായി.
2021ല്‍ അന്നത്തെ സര്‍ക്കാര്‍ 22.9 കോടി രൂപ ചെലവില്‍ നിര്‍മിച്ച കൊണാട്ട് പ്ലേസിലെ സ്മോഗ് ടവര്‍ 40 ഫാനുകളുടെ സഹായത്തോടെ ഒരു സെക്കന്‍ഡില്‍ 1000 ക്യൂബിക് മീറ്റര്‍ വായു ശുദ്ധീകരിക്കുമെന്നായിരുന്നു അവകാശപ്പെട്ടതെങ്കിലും രണ്ടു വർഷം കൊണ്ട് സംരംഭം പണിമുടക്കി. വെള്ളം ചീറ്റുന്ന പൈപ്പുകൾ സ്ഥാപിച്ച് പൊടി നിയന്ത്രിക്കാന്‍ സ്ഥാപിച്ച വൈദ്യുതി നിയന്ത്രണ പോളുകൾ പലയിടത്തും പ്രവര്‍ത്തിക്കുന്നില്ല.
ഡല്‍ഹിയിൽ പതിറ്റാണ്ടുകളായി തുടരുന്ന മലിനീകരണത്തിൽ രസകരമായതും എന്നാല്‍ ദൗര്‍ഭാഗ്യകരവുമായ മറ്റു പരീക്ഷണങ്ങളും ഉണ്ടായിട്ടുണ്ട്. സ്വകാര്യ കാറുകളുടെ നമ്പര്‍ പ്ലേറ്റിലെ അവസാന അക്കം ഒറ്റ സംഖ്യ ആണെങ്കില്‍ അത് ഒരു ദിവസവും, ഇരട്ട സംഖ്യ ആണെങ്കില്‍ തൊട്ടടുത്ത ദിവസവും നിരത്തിലിറങ്ങണമെന്ന നിർദേശവും മലിനീകരണം കുറയ്ക്കുമെന്ന പ്രതീതി സൃഷ്ടിച്ചെങ്കിലും നിഷ്ഫലമായി. ഫലത്തില്‍ മലിനീകരണത്തിനു പരിഹാരം കാണാൻ സര്‍ക്കാര്‍ നടത്തിയ ശ്രമങ്ങള്‍ നിഷ്ഫലമാകുമ്പോള്‍ മലിനീകരണം തുടക്കഘട്ടത്തിൽ തന്നെ നിയന്ത്രിക്കണമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
നിരത്തുകളിലെ സ്വകാര്യ വാഹനങ്ങളുടെ എണ്ണം കുറയ്ക്കാന്‍ പൊതുഗതാഗത സേവനങ്ങള്‍ വര്‍ധിപ്പിക്കുക, ഡല്‍ഹിയുടെ അയല്‍ സംസ്ഥാനങ്ങളില്‍ കൊയ്ത്തിനുശേഷം കര്‍ഷകര്‍ വൈക്കോലുകള്‍ കൂട്ടിയിട്ടു കത്തിക്കുന്ന പ്രവണതയ്ക്ക് കര്‍ശന നിയന്ത്രണങ്ങള്‍ കൊണ്ടുവരിക, മലിനീകരണം അതിരൂക്ഷമാകുമ്പോള്‍ ഓഫീസുകളിലെ 50 ശതമാനം ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം ലഭ്യമാക്കുക, ഡല്‍ഹി എന്‍സിആറിലെ ഫാക്ടറികള്‍ക്ക് കര്‍ശന പരിസ്ഥിതി നിയന്ത്രണം നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഉയര്‍ന്ന മലിനീകരണത്തിനെതിരെ പ്രതിഷേധിക്കുന്നവര്‍ മുന്നോട്ടവയ്ക്കുന്നത്. എന്നാല്‍, അന്തരീക്ഷത്തിലും വെള്ളത്തിലും മണ്ണിലും മലിനീകരണത്തിന് പിന്നിൽ നഗരവാസികളുടെ അനാസ്ഥയുണ്ടെന്നത് സൗകര്യപൂര്‍വം മറക്കുന്നു.
എല്ലാ ജീവജാലങ്ങള്‍ക്കും ആധാരമായ പ്രകൃതിയുടെ അഖണ്ഡതയോട്, വിവേകപൂര്‍ണമായ കരുതല്‍ കാണിക്കുന്നതില്‍ വരുത്തുന്ന വീഴ്ചയെ വരുംതലമുറകള്‍ പൊറുക്കാന്‍ സാധ്യതയില്ലെന്ന് റേച്ചല്‍ കാഴ്സണ് പറഞ്ഞത് നാളെയുടെ നല്ല പരിസ്ഥിതിക്കുവേണ്ടി നാമോരോരുത്തരും ചെയ്യേണ്ട ഉത്തരവാദിത്വങ്ങള്‍ നിറവേറ്റാന്‍ ഉദ്ദേശിച്ചാണ്. മഹാത്മാഗാന്ധി എഴുതിയതുപോലെ, നമുക്ക് നമ്മളെത്തന്നെ മാറ്റാന്‍ കഴിയുമെങ്കില്‍, ലോകത്തിലെ മോശമായ പ്രവണതകളും മാറും.