മകള്‍ റെയില്‍വേയില്‍ ലോക്കോ പൈലറ്റാകണം എന്നതായിരുന്നു അച്ഛന്റെ അതിയായ ആഗ്രഹം. അതിലേക്ക് അവളെ കൈപിടിച്ചുയര്‍ത്താന്‍ അച്ഛന് ആവുന്നതെല്ലാം ചെയ്തു. റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡ് (ആര്‍ആര്‍ബി) പരീക്ഷകള്‍ എഴുതാന്‍ നിരന്തരം പ്രോത്സാഹിപ്പിച്ചു. ലോക്കോ പൈലറ്റായില്ലെങ്കിലും അച്ഛന്റെ ആഗ്രഹത്തിന് മകള്‍ മറ്റൊരു അര്‍ഥം നല്കി. ഇന്ന് ദക്ഷിണ റെയില്‍വേയിലെ ആദ്യ വനിതാ സ്റ്റേഷന് മാനേജരായി കോഴിക്കോട് റെയില്‍വേ സ്റ്റേഷന്റെ ചുമതല ഏറ്റെടുത്തിരിക്കുകയാണ് കെ.സുമ.
ഇത് കേവലമൊരു സ്ഥാനക്കയറ്റത്തിന്റെ കഥയല്ല. അച്ഛന്റെ സ്വപ്നം ഹൃദയത്തിലേറ്റി, പ്രതിസന്ധികളെ മറികടന്ന് സ്വന്തം അധ്വാനത്തിലൂടെ ചരിത്രത്തിന്റെ ഭാഗമായ ഒരു വനിതയുടെ വിജയഗാഥയാണ്. “റെയില്‍വേയില്‍ ജോലി ലഭിക്കണമെന്നത് അച്ഛന്റെ വലിയ ആഗ്രഹമായിരുന്നു. അതിനായി ഒരുപാട് പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. റെയില്‍വേയില്‍ ജോലി ലഭിച്ച ദിവസം അച്ഛനായിരുന്നു ഏറ്റവും കൂടുതല്‍ സന്തോഷിച്ചത്. അന്ന് ആ മുഖത്ത് കണ്ട സന്തോഷം ഇന്നും മനസിലുണ്ട്.” പതിമൂന്ന് വര്‍ഷം മുമ്പുള്ള ആ നിമിഷം ഓര്‍ത്തെടുക്കുമ്പോള്‍ സുമയുടെ വാക്കുകളില്‍ വൈകാരികത.
പ്ലസ് ടു പഠനം കഴിഞ്ഞപ്പോള്‍ ഭൂമിശാസ്ത്രം പഠിക്കണമെന്നായിരുന്നു സുമയുടെ ആഗ്രഹം. എന്നാല്‍, സാഹചര്യങ്ങള്‍ക്കനുസരിച്ച് ബോട്ടണിയില്‍ ബിരുദം നേടി. പഠനശേഷം സ്റ്റാഫ് സെലക്ഷന് കമ്മീഷന് (എസ്എസ്സി) പരീക്ഷകള്‍ക്കുള്ള തയാറെടുപ്പിലായി. ഇതിനൊപ്പം റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡ് പരീക്ഷകളും എഴുതി. റെയില്‍വേയില്‍ ജോലി ലഭിച്ചപ്പോഴും അവിടെ അവസാനിച്ചില്ല സുമയുടെ യാത്ര. ഓരോ ഘട്ടത്തിലും പുതിയ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുത്തും പരീക്ഷകളിലൂടെ മുന്നേറിയും അവര്‍ തന്റേതായ ഇടം കണ്ടെത്തി.
ഹെല്പ്പറില്നിന്ന് സ്റ്റേഷന് മാനേജരിലേക്ക്
മംഗളൂരു റെയില്‍വേ സ്റ്റേഷനിൽ മെക്കാനിക്കല്‍ വിഭാഗം ഹെല്‍പ്പറായിട്ടായിരുന്നു തുടക്കം. റെയില്‍വേയുടെ പ്രത്യേക പരീക്ഷ വിജയിച്ചതോടെ അതേ സ്റ്റേഷനില്‍ അസിസ്റ്റന്റ് സ്റ്റേഷന് മാസ്റ്ററായി നിയമനം ലഭിച്ചു. പിന്നീട് കടലുണ്ടി, കല്ലായി സ്റ്റേഷനുകളില്‍ സ്റ്റേഷന് മാസ്റ്ററായി. തുടര്‍ന്ന് കണ്ണൂര്‍ കണ്ണപുരം സ്റ്റേഷൻ സൂപ്രണ്ടായി സ്ഥാനക്കയറ്റം ലഭിച്ചു. പിന്നീട് കല്ലായി, താനൂര്‍, കോഴിക്കോട് സ്റ്റേഷനുകളിലും സൂപ്രണ്ടായി പ്രവര്‍ത്തിച്ചു.
ഒന്നര വര്‍ഷമായി കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ സൂപ്രണ്ടിന്റെ ചുമതല വഹിച്ചു വരികയായിരുന്നു. ഇതിനിടെയാണ് സ്റ്റേഷന് മാനേജരായി സ്ഥാനക്കയറ്റം ലഭിച്ചത്. ദക്ഷിണ റെയില്‍വേയിലെ ആദ്യ വനിതാ സ്റ്റേഷന് മാനേജര്‍ എന്ന നേട്ടം സ്വന്തമാക്കിയത് ഈ സ്ഥാനക്കയറ്റത്തിലൂടെയാണ്. “ദക്ഷിണ റെയില്‍വേയിലെ ആദ്യ വനിതാ സ്റ്റേഷന് മാനേജരാണ് ഞാനെന്ന് അറിഞ്ഞപ്പോള്‍ അമ്പരപ്പാണ് തോന്നിയത്. പുതിയ ചുമതല ഏറ്റെടുക്കാന്‍ തയാറാണോ എന്ന് മേലുദ്യോഗസ്ഥര്‍ ചോദിച്ചു. സമ്മതം അറിയിച്ചതിനു പിന്നാലെ ഒരാഴ്ചയ്ക്കുള്ളില്‍ നിയമനം ലഭിച്ചു.”
ഭാരിച്ച ഉത്തരവാദിത്വം
കോഴിക്കോട് പോലൊരു പ്രധാന സ്റ്റേഷന്റെ സമ്പൂര്‍ണ ഉത്തരവാദിത്വം ഏറ്റെടുക്കുക ചെറിയ കാര്യമല്ല. യാത്രക്കാരുടെ സുരക്ഷയും സൗകര്യങ്ങളും മുതല്‍ വിവിധ വകുപ്പുകളുടെ ഏകോപനം വരെ മാനേജറുടെ ചുമതലകളില്‍പ്പെടുന്നു. ഓരോ പ്ലാറ്റ്ഫോമിലെയും ഭക്ഷണശാലകളുടെ പ്രവര്‍ത്തനം, യാത്രക്കാരുടെ പരാതികളും ആശങ്കകളും പരിഹരിക്കല്‍, ജീവനക്കാരുടെ ഏകോപനം, മേലുദ്യോഗസ്ഥരുടെ പരിശോധനകള്‍ തുടങ്ങി ഓരോ കാര്യത്തിലും നിരന്തരം ശ്രദ്ധ വേണം.
“ഇത്രയും കാലം ജോലിത്തിരക്കിനിടയിലും എനിക്കായി കുറച്ചുസമയം കണ്ടെത്താന്‍ കഴിഞ്ഞിരുന്നു. എന്നാല്‍, പുതിയ ചുമതലയില്‍ 24 മണിക്കൂറും ജോലിയെക്കുറിച്ചുള്ള ജാഗ്രത ആവശ്യമാണ്. താമസസ്ഥലത്തുനിന്ന് പത്ത് മിനിറ്റിനുള്ളില്‍ ഓഫീസിലെത്താന്‍ കഴിയണമെന്നാണ് നിര്‍ദേശം. അത്യാവശ്യ സാഹചര്യത്തില്‍ അവധിയെടുത്താലും പകരം ഒരാളെ ചുമതല ഏല്‍പ്പിക്കേണ്ടിവരും. എങ്കിലും പൂര്‍ണ ഉത്തരവാദിത്വം സ്റ്റേഷന് മാനേജര്ക്കുതന്നയാണ് “- ഉത്തരവാദിത്വത്തിന്റെ വ്യാപ്തി തിരിച്ചറിയുമ്പോഴും അതിനെ ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുകയാണ് സുമ.
സുമയെ ഏറെ ആഹ്ലാദിപ്പിക്കുന്നത് സ്വന്തം നാട്ടില്‍ത്തന്നെ ജോലി ചെയ്യാന്‍ അവസരം ലഭിച്ചുവെന്നതാണ്. ഇതുവരെ ഒരു വനിതയും സ്റ്റേഷന് മാനേജറായി പ്രവര്‍ത്തിച്ചിട്ടില്ലാത്ത സ്റ്റേഷന്റെ ചുമതല ഏറ്റെടുക്കുമ്പോള്‍ ചില ആശങ്കകളുണ്ടായിരുന്നു. സഹപ്രവര്‍ത്തകരുടെ സമീപനം എങ്ങനെയായിരിക്കുമെന്നതായിരുന്നു പ്രധാന ആശങ്ക. സ്ത്രീയായതിനാല്‍ വിവേചനം നേരിടേണ്ടിവരുമോ എന്ന ചിന്തയുമുണ്ടായിരുന്നു. എന്നാല്‍, എല്ലാ ആശങ്കകളെയും അസ്ഥാനത്താക്കുന്നതായിരുന്നു സഹപ്രവര്‍ത്തകരുടെ സ്വീകരണം.
“വലിയ ആശങ്കയോടെയാണ് ചുമതലയേറ്റെടുത്തത്. എന്നാല്‍ സഹപ്രവര്‍ത്തകര്‍ വളരെ സ്നേഹത്തോടെയാണ് എന്നെ സ്വീകരിച്ചത്. എന്താവശ്യമുണ്ടെങ്കിലും അവര്‍ മടികൂടാതെ സമീപിക്കും. എല്ലാ കാര്യങ്ങളിലും കൂടെ നില്‍ക്കുന്നുണ്ട്. അവരുടെ പിന്തുണ ആത്മവിശ്വാസമാണ് നല്‍കുന്നത്.”
മുന്നിലുള്ള വെല്ലുവിളി
കോഴിക്കോട് റെയില്‍വേ സ്റ്റേഷന്റെ നവീകരണമാണ് പുതിയ ചുമതലയിലെ വലിയ കടന്പകളിലൊന്ന്. ലോകോത്തര നിലവാരത്തിലുള്ള റെയില്‍വേ സ്റ്റേഷനായി കോഴിക്കോടിനെ മാറ്റുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വര്‍ഷങ്ങളായി ഇഴഞ്ഞുനീങ്ങുകയാണ്. നിര്‍മാണ കരാറുകാരുടെ ഭാഗത്തുനിന്നുള്ള അലംഭാവം ഉള്‍പ്പടെ വിവിധ കാരണങ്ങള്‍ പദ്ധതിയുടെ പുരോഗതിയെ ബാധിച്ചിട്ടുണ്ട്.
മുടങ്ങിക്കിടക്കുന്ന ജോലികളുടെ യഥാര്‍ഥ കാരണങ്ങള്‍ കണ്ടെത്തി പരിഹരിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്ന് സുമ പറഞ്ഞു. “ഒന്നില്‍നിന്ന് തുടങ്ങേണ്ട അവസ്ഥയാണ്. അഴിയാക്കുരുക്കുകള്‍ ഓരോന്നായി അഴിക്കണം. സ്റ്റേഷന്റെ വികസന പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകുകയാണു ലക്ഷ്യം”. വലിയൊരു സ്റ്റേഷന്റെ ഭരണ ചുമതല നിര്‍വഹിക്കുന്നതിനൊപ്പം വികസന പ്രവര്‍ത്തനങ്ങള്‍ക്കും വേഗം കൂട്ടേണ്ടതുണ്ട്.
നൃത്തത്തിലും കളരിയിലും
ഔദ്യോഗിക ജീവിതത്തില്‍ ഉത്തരവാദിത്വങ്ങളുടെ തിരക്കാണെങ്കിലും വ്യക്തിജീവിതത്തില്‍ കലയ്ക്കും കായികാഭ്യാസത്തിനും സുമ വലിയ പ്രാധാന്യം നല്കുന്നു. കുട്ടിക്കാലം മുതല്‍ നൃത്തവും കളരിയും അഭ്യസിക്കുന്നുണ്ട്. ജോലിത്തിരക്കുകള്‍ക്കിടയില്‍ മനസിന് ആശ്വാസവും ശാന്തിയും കണ്ടെത്തുന്നത് ഇതിലൂടെയാണ്. കോഴിക്കോട് മൂഴിക്കലിനു സമീപം കെപിഎസ് കളരി കേന്ദ്രത്തിലാണ് സുമ കളരി അഭ്യസിക്കുന്നത്. തിരക്കുകള്‍ക്കിടയിലും സമയം കണ്ടെത്തി അവിടെയെത്തുന്നുണ്ട്.
“നൃത്തവും കളരിയും അഭ്യസിക്കുമ്പോള്‍ ലഭിക്കുന്ന സന്തോഷം പറഞ്ഞറിയിക്കാന്‍ കഴിയില്ല. ജോലിത്തിരക്കുകളില്മനസിനെ ശാന്തമാക്കാന്‍ ഇത് സഹായിക്കുന്നു. എന്നെത്തന്നെ കണ്ടെത്താനും അതില്‍ അലിഞ്ഞുചേരാനും കഴിയുന്ന ഇടങ്ങളാണത്. ഗിറ്റാര്‍ വായിക്കാനും സംഗീതോപകരണങ്ങള്‍ കൈകാര്യം ചെയ്യാനും ഏറെ ഇഷ്ടമാണ്”. പുതിയ ചുമതല കലാപ്രവര്‍ത്തനങ്ങള്‍ക്ക് സമയപരിമിതിയുണ്ടാക്കാമെങ്കിലും കഴിയുന്നിടത്തോളം ഇത്തരം ഇഷ്ടങ്ങളെയും ചേര്‍ത്തുപിടിക്കണമെന്നാണ് ആഗ്രഹം.
കരുത്തായി കുടുംബം
സുമയുടെ ഓരോ നേട്ടത്തിനും പിന്നില്‍ കുടുംബത്തിന്റെ പിന്തുണയുണ്ട്. കെസ്ആര്‍ടിസി കാസര്‍ഗോഡ് ഡിപ്പോയിലെ ജീവനക്കാരനായ ഭര്‍ത്താവ് എന്‍.എസ്. ബൈജുവാണ് എല്ലാ ദൗത്യത്തിലും കരുത്തും കരുതലും ഒരുക്കി കൂടെയുള്ളത്. ബിഎസ്എന്‍എല്‍ ഉദ്യോഗസ്ഥനായിരുന്ന ശ്രീധരനാണ് അച്ഛന്. അമ്മ രാധ. സംഗീതാധ്യാപികയായ സീമ സഹോദരിയും ധനേഷ്, രമേശ് എന്നിവര്‍ സഹോദരന്മാരുമാണ്.
കഴിവുകള്‍ക്ക് അതിരുകളില്ലെന്നും അവസരങ്ങളും ആത്മവിശ്വാസവും അധ്വാനവുമുണ്ടെങ്കില്‍ ഏത് ഉയരവും കീഴടക്കാമെന്നും സുമയുടെ ജീവിതപാഠം ഓര്‍മിപ്പിക്കുന്നു. അച്ഛന്റെ സ്വപ്നത്തില്‍ തുടങ്ങിയ യാത്ര ഇന്ന് ചരിത്രത്തിന്റെപുതിയൊരു അധ്യായത്തിലെത്തിയിരിക്കുന്നു. ആ നേട്ടം സുമയ്ക്ക് മാത്രമല്ല, അവളെപ്പോലെ സ്വപ്നങ്ങളുമായി മുന്നേറുന്ന അനേകം പെണ്‍കുട്ടികള്‍ക്കും പ്രചോദനമാണ്.