ഇരിങ്ങാലക്കുട: കൗമാരകലയുടെ സ്വപ്നച്ചെപ്പു തുറന്നതോടെ പ്രതിഭകളുടെ സംഗമവേദിയായി ഇരിങ്ങാലക്കുട. കലാവൈവിധ്യങ്ങളുടെ ദൃശ്യവിരുന്നു നുകരാൻ വൻജനാവലിയും വേദികളിലേക്ക് ഒഴുകിയെത്തി.
117.5 ഗ്രാം സ്വർണക്കപ്പിനുവേണ്ടിയുള്ള പോരാട്ടം ആദ്യനാൾമുതൽ കനത്തു. ആദ്യദിനത്തില്‍ 70 ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 244 പോയിന്റുമായി തൃശൂര്‍ വെസ്റ്റ് മുന്നേറുകയാണ്. 234 പോയിന്റുമായി കുന്നംകുളവും 233 പോയിന്റുമായി വലപ്പാടും പിന്നിലുണ്ട്. ഇന്നലെ എല്ലാ വേദികളിലും ഒന്നരമണിക്കൂർ വൈകിയാണ് മത്സരം ആരംഭിച്ചത്. ആദ്യദിനത്തില്‍ എട്ട് അപ്പീലുകളാണ് വന്നത്.
ശില്പസുന്ദരം
ഇന്ദുഭാവം
ഇരിങ്ങാലക്കുട: താളാത്മക പാദചലനങ്ങളും ശില്പസമാന ചുവടുകളും സൂക്ഷ്മ മുഖഭാവങ്ങളും ഒത്തിണങ്ങിയ പ്രകടനവുമായി ഹൈസ്കൂൾവിഭാഗം കുച്ചിപ്പുടിയിൽ ഒന്നാമതെത്തിയത് കെ.എസ്. ഇന്ദുബാല. തൃശൂർ കാൽഡിയൻ സിറിയൻ എച്ച്എസ്എസിലെ ഒന്‍പതാംക്ലാസ് വിദ്യാർഥിനിയാണ്.
മോഹിനിയാട്ടം, ഭരതനാട്യം ഇനങ്ങളിലും ഇന്ദുബാല മത്സരിക്കുന്നുണ്ട്. കലോത്സവത്തിന്റെ ആദ്യദിനത്തിൽതന്നെ ഒന്നാംസ്ഥാനവും എ ഗ്രേഡും നേടാൻ കഴിഞ്ഞത് ആത്മവിശ്വാസം ഇരട്ടിയാക്കിയെന്ന് ഇന്ദുബാല പറഞ്ഞു.
കഴിഞ്ഞവർഷം കഥകളിയിൽ സംസ്ഥാനതലത്തിൽ മത്സരിച്ചിരുന്നു. ഇക്കൊല്ലം സാന്പത്തികപരിമിതികളെതുടർന്ന് മത്സരം നൃത്ത ഇനങ്ങളിൽ മാത്രമായി ഒതുക്കിയെന്ന് അമ്മ രേണു. എളവള്ളി നടനനികേതനത്തിലെ ഷീബ സഹദേവൻ, പാലക്കാട് മാർഗ സ്കൂൾ ഓഫ് ആർട്സ് ഡയറക്ടർ പി.കെ. സനൂപ് എന്നിവരാണ് പരിശീലകർ. എളവള്ളി കൊണ്ടരപ്പശേരി വീട്ടിൽ സതീഷാണ് പിതാവ്. ജ്യേഷ്ഠൻ അനന്തു.
പടവാളായി നാടകങ്ങൾ
ഷൈനി ജോണ്‍
ഇരിങ്ങാലക്കുട: വർഗീയത വിഷംപോലെ കലരുന്ന ഭരണസംവിധാനങ്ങളിൽ നിശബ്ദതയല്ല, പ്രതിരോധമാണ് വേണ്ടതെന്ന ആഹ്വാനവുമായി ഹയർ സെക്കൻഡറി വിഭാഗം നാടകമത്സരം. മത്സരിച്ച ഒട്ടുമിക്ക നാടകങ്ങളും പ്രമേയമാക്കിയത് ജുഡീഷ്യറിയെപ്പോലും അടിമയാക്കുന്ന വർഗീയ ഫാസിസവും അടിച്ചമർത്തപ്പെടുന്ന ജനങ്ങളുടെ അവകാശങ്ങളുമാണ്. മതവും രാഷ്ട്രീയവും കൂടിക്കലരുന്പോൾ ഭരണഘടന പോലും അട്ടിമറിക്കപ്പെടുകയാണെന്നും നാടകങ്ങൾ വിളിച്ചുപറയുന്നു.
മികച്ച അവതരണം, മികവുറ്റ അഭിനയം, രംഗസംവിധാനങ്ങളുടെ കൃത്യമായ ഉപയോഗം, ശക്തമായ ഭാഷ, സമകാലികപ്രമേയങ്ങൾ എന്നിവകൊണ്ട് ശ്രദ്ധേയമായിരുന്നു മിക്ക നാടകങ്ങളും. പലസ്തീൻ-ഇസ്രയേൽ യുദ്ധത്തിന്റെ ഭീകരത, കുടുംബബന്ധങ്ങളിലേക്കുവരെ നുഴഞ്ഞുകയറുന്ന ഫാസിസം, പ്രതികരിക്കാത്ത നിസംഗരായ മനുഷ്യർ, സമൂഹത്തിൽനിന്നു മാഞ്ഞുപോകാത്ത ജാതിയത, മതവികാരം വ്രണപ്പെടുത്തിയെന്ന പേരിൽ നിശബ്ദരാകുന്ന എഴുത്തുകാർ, സ്ത്രീ വിരുദ്ധസമൂഹം, നശിപ്പിക്കപ്പെടുന്ന കമ്യൂണിസം ഇങ്ങനെ നിരവധി സമകാലികവിഷയങ്ങളാണ് മത്സരവേദിയിൽ സമൂഹത്തിന്റെ കണ്ണാടിപോലെ വിദ്യാർഥികൾ അവതരിപ്പിച്ചത്.
പതറാത്ത വേഷപ്പകർച്ചകളുമായി കുട്ടികളെത്തിയത് കാണികൾക്കു പുതിയ അനുഭവമായി. ഛായാരൂപൻ, കാഫ്കയുടെ കൂട്ടുകാരൻ, എമർജൻസി എക്സിറ്റ്, നീറുന്ന ഭൂതകാലം തുടങ്ങിയ നാടകങ്ങൾ വർഗീയതയ്ക്കെതിരേ പടവാളായി. ഭാവി പ്രതീക്ഷ നൽകുന്ന അഭിനയപ്രതിഭകളും അരങ്ങിലെത്തി. വിവിധ നാടകങ്ങളിലായി പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിച്ച നിരഞ്ജൻ, സ്മിയ, യദുകൃഷ്ണൻ ഗോപിനാഥ്, ശ്രദ്ധ, അമൻ അൻസാർ, സമ്രീൻ തുടങ്ങിയ കുട്ടിത്താരങ്ങൾ നാടക ആസ്വാദകർക്കു വിസ്മയമായി.
കലോത്സവത്തിൽ ചാക്യാർപെരുമ
ഇരിങ്ങാലക്കുട: കലോത്സവത്തിന്റെ ആദ്യദിനത്തിൽ പ്രാചീന കലാരൂപ വേദികൾ കൈയടക്കി പൈങ്കുളം നാരായണ ചാക്യാർ പെരുമ. എട്ടു ടീമുകളാണ് ചാക്യാരുടെ ശിക്ഷണത്തിൽ വേദിയിലെത്തിയത്.
മത്സരവേദികളല്ല, ചാക്യാർകലകളുടെ പ്രചാരണവേദികളാണ് കലോത്സവങ്ങൾ എന്നാണ് നാരായണ ചാക്യാരുടെ വിശ്വാസം. കൂടിയാട്ടത്തിൽമാത്രമല്ല, ചാക്യാർകൂത്ത്, പാഠകം തുടങ്ങിയ വിവിധ ഇനങ്ങളിലും ചാക്യാരുടെ ശിക്ഷണത്തിൽ കുട്ടികൾ മത്സരിച്ചു.
തൊണ്ണൂറുകളിൽ കലോത്സവങ്ങളിലേക്കു ചാക്യാർകൂത്ത് എത്തിയതോടെ നാരായണ ചാക്യാരും വേദികളിൽ നിറസാന്നിധ്യമായി. സൗജന്യമായി വിദ്യാർഥികളെ പരിശീലിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഇത്തവണ സമ്മാനങ്ങൾ നേടിയതും നാരായണ ചാക്യാരുടെ ശിഷ്യരാണ്.
ശൂർപ്പണഖാങ്കം കൂടിയാട്ടത്തിൽ
സേക്രഡ് ഹാർട്ട്
ഇരിങ്ങാലക്കുട: ശൂർപ്പണഖാങ്കം കൂടിയാട്ടത്തിൽ തിളങ്ങി തൃശൂർ സേക്രഡ് ഹാർട്ട് സ്കൂളിലെ വിദ്യാർഥിനികൾ. യുപി വിഭാഗം കൂടിയാട്ടത്തിലാണ് ഒന്നാംസ്ഥാനം കരസ്ഥമാക്കിയത്. പി. അരുണിമ രാമന്റെയും ലക്ഷ്മിപാർവതി സീതയുടെയും ലളിതയായി ടാനിയ ടിനിലും ശൂർപ്പണഖയായി അനമ സണ്ണിയും ലക്ഷ്മണനായി സി.എസ്. നമൃതയും വേഷമിട്ടു. അനാമയ, ഡിദിയ എന്നിവർ താളമിട്ടു.
രണ്ടാംതവണയാണ് ഇവർ റവന്യൂ കലോത്സവത്തിൽ ഒന്നാംസ്ഥാനം നേടുന്നത്. പൈങ്കുളം നാരായണ ചാക്യാരുടെ കീഴിലാണ് പരിശീലനം.