ഭോപാൽ: വീട്ടിൽ ഉറങ്ങിക്കിടന്ന യുവതിയെ കടുവ ആക്രമിച്ചു കൊന്നു. ഞായറാഴ്ച പുലർച്ചെ മധ്യപ്രദേശിലെ ബാലാഘട്ട് ജില്ലയിലെ പർരാപുർ ബൈഗടോളയിലുണ്ടായ സംഭവത്തിൽ സുഗ്നി ബായ് ധുർവെ (30) ആണ് കൊല്ലപ്പെട്ടത്. പുലർച്ചെ ഒന്നരയോടെ ജനവാസ മേഖലയിലേക്ക് ഇറങ്ങിയ യുവതിയെ ആക്രമിച്ച വലിച്ചിഴച്ചു കൊണ്ടുപോവുകയായിരുന്നു.
തുടർന്ന് നാട്ടുകാരുടെ നേതൃത്വത്തിൽ നടത്തിയ തെരച്ചിലിലാണ് വീടിനു മുന്നൂറു മീറ്റർ അകലെവച്ച് യുവതിയെ കണ്ടെത്തിയത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവതിയെ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഈ പ്രദേശത്ത് വന്യജീവികളുടെ ആക്രമണം രൂക്ഷമാണെന്ന് നാട്ടുകാർ പറഞ്ഞു.
യുവതിയുടെ കുടുംബത്തിന് അടിയന്തര ധനസഹായം നൽകുമെന്ന് അധികൃതർ വ്യക്തമാക്കി. പ്രദേശത്ത് കൂട് സ്ഥാപിക്കുമെന്നും രാത്രികാലങ്ങളിൽ വീടുകളുടെ വാതിലുകൾ അടച്ചിടണമെന്നും വനംവകുപ്പ് കർശന നിർദ്ദേശം നൽകി.