നിലമ്പൂർ: നിലമ്പൂർ നഗരസഭയിൽ മുസ്ലിം ലീഗിൽ പൊട്ടിത്തെറി. അഞ്ച് ഡിവിഷനുകളിൽ വിമത വിഭാഗം മത്സരിക്കും. സ്ഥാനാർഥിത്വം നിഷേധിച്ചതിൽ പ്രതിഷേധിച്ച് നിലന്പൂർ മുനിസിപ്പിൽ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് കബീർ മഠത്തിൽ പാർട്ടിയിൽ നിന്ന് രാജിവച്ചു. മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് പൂളക്കൽ അബ്ദുട്ടി, നിയോജക മണ്ഡലം സെക്രട്ടറി ജസ്മൽ പുതിയറ എന്നിവർക്കാണ് രാജിക്കത്ത് നൽകിയത്.
നിലമ്പൂർ സർവീസ് സഹകരണ ബാങ്ക് ഡയറക്ടറായ കബീറിന്റെ ഭാര്യ ഷമീമ കബീർ ബാങ്ക് ഡയറക്ടർ സ്ഥാനവും രാജിവച്ചു. നഗരസഭയിലെ മുമ്മുള്ളി ഡിവിഷനിൽ നാളെ സ്വതന്ത്രനായി നോമിനേഷൻ നൽകുമെന്നും കബീർ പറഞ്ഞു. വെള്ളിയാഴ്ച രാത്രി സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് ഇരുവിഭാഗവും തമ്മിൽ തർക്കവും വാക്കേറ്റവും നടന്നിരുന്നു. ഇതിനിടയിൽ വിമത വിഭാഗത്തിലെ ബാപ്പു വാളപ്ര മൊബൈൽ ഫോണിലൂടെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചത് ഔദ്യോഗിക വിഭാഗം തടഞ്ഞു.
യുഡിഎഫ് ധാരണ പ്രകാരം ലീഗ് 10 ഡിവിഷനുകളിലാണ് മത്സരിക്കുക. ഇതിൽ ഒന്പത് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. കബീർ മഠത്തിലിനെ തഴഞ്ഞ് മുനിസിപ്പൽ ലീഗ് സെക്രട്ടറി കൂമഞ്ചേരി നാണിക്കുട്ടിക്കാണ് സ്ഥാനാർഥിത്വം നൽകിയത്. ഇതാണ് പ്രതിഷേധത്തിന് കാരണം. 2020 ൽ മുസ്ലിം ലീഗ് മത്സരിച്ച ഒന്പത് ഡിവിഷനുകളിലും വിഭാഗീയത മൂലം പരാജയപ്പെട്ടിരുന്നു. ഇത് ആവർത്തിക്കാതിരിക്കാൻ ഒരു മാസം മുന്പ് ഇരുവിഭാഗത്തെയും ഉൾപ്പെടുത്തി പുതിയ കമ്മിറ്റി രൂപീകരിച്ചിരുന്നു.
എന്നാൽ വീണ്ടും വിഭാഗീയത രൂക്ഷമായത് ലീഗ് നേതൃത്വത്തിന് തലവേദനയായിരിക്കുകയാണ്. മുസ്ലിം ലീഗിന് ലഭിച്ച ജനറൽ ഡിവിഷനായ താമരക്കുളം കോണ്ഗ്രസിന് വിട്ടുനൽകി പകരം വനിതാസംവരണ വാർഡ് പകരം വാങ്ങാനുള്ള തീരുമാനവും ലീഗിനുള്ളിൽ വലിയ അമർഷത്തിന് കാരണമായിട്ടുണ്ട്.