ന്യൂഡൽഹി: രാജ്യം കൈവരിച്ച 7.8 ശതമാനം ജിഡിപി വളർച്ച സാമ്പത്തിക അടിത്തറയുടെ കരുത്തും പ്രതിരോധശേഷിയും വ്യക്തമാക്കുന്നതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡൽഹിയിലെ ശ്രീറാം കോളജ് ഓഫ് കൊമേഴ്സിന്റെ ശതാബ്ദി ആഘോഷത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജിഡിപി കണക്കുകളെ നിരന്തരം വിമർശിക്കുന്ന പ്രതിപക്ഷത്തെയും പ്രധാനമന്ത്രി വിമർശിച്ചു.
ചിലർക്ക് പുതിയ കണക്കുകൾ ദഹിക്കുന്നില്ലെന്നറിയാം. ഇന്ത്യയെ ഒരുകാലത്ത് ഫ്രജൈൽ ഫൈവ് എന്ന നിലയിലേക്ക് തള്ളിവിട്ടവരാണ് ഇന്നത്തെ ജിഡിപി വളർച്ചാ നിരക്കുകൾ ഉൾക്കൊള്ളാൻ പ്രയാസപ്പെടുന്നതെന്നും അദ്ദേഹം പരിഹസിച്ചു. പശ്ചിമേഷ്യയിലെ യുദ്ധവും നിരവധി വ്യാപാര വെല്ലുവിളികളും മറികടന്നാണ് ഈ നേട്ടം കൈവരിച്ചത്.
ഇത്തരം പ്രതികൂല സാഹചര്യങ്ങൾക്കിടയിലും മികച്ച സാമ്പത്തിക വളർച്ച നേടാനായത് ഇന്ത്യയുടെ ശക്തിയും സാധ്യതകളും വ്യക്തമാക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുപിഎ ഭരണം ദുരിതകാലമെന്ന് വിമർശിച്ച മോദി ആസമയത്ത് മാധ്യമങ്ങളിൽ എപ്പോഴും അതിർത്തിയിൽ സൈനികരുടെ മരണം, സാമ്പത്തിക പ്രതിസന്ധി, വിലക്കയറ്റം, വ്യവസായം തളർച്ചയിൽ എന്നിവയാണ് കണ്ടിരുന്നത്.
എന്നാലിന്ന് ഭീകരവാദികളെ അവരുടെ താവളത്തിൽ എത്തി ഇല്ലാതാക്കുകയാണ്. എല്ലാ മേഖലകളിലും രാജ്യം മുന്നേറി. 7.8% വളർച്ച രാജ്യത്തിന്റെ ഊർജസ്വലത വ്യക്തമാക്കുന്നു. താൻ ചെറിയ ലക്ഷ്യങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന വ്യക്തിയല്ല. എനിക്ക് രാജ്യത്തെ സംബന്ധിച്ച് വലിയ ലക്ഷ്യങ്ങളുണ്ട്.
അതിനായി ജീവൻ നൽകുമെന്നും മോദി വിദ്യാർഥികളോട് പറഞ്ഞു. തനിക്ക് രാജ്യത്തിന്റെ കഴിവിൽ വിശ്വാസമുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് താൻ വികസിത ഭാരതത്തെ കുറിച്ച് പറയുന്നതെന്നും മോദി പറഞ്ഞു.