പാറ്റ്ന: ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. രാവിലെ ഒൻപത് വരെ 13 ശതമാനം പോളിംഗ് രേഖപ്പെടുത്തി. രാവിലെ ഏഴിന് ആരംഭിച്ച പോളിംഗ് വൈകുന്നേരം ആറിന് അവസാനിക്കും. പ്രശ്നബാധിത മേഖലകളിൽ വൈകുന്നേരം അഞ്ചിന് പോളിംഗ് അവസാനിക്കും.
ആദ്യ ഘട്ടത്തിൽ ബിഹാറിലെ 243 നിയമസഭാ മണ്ഡലങ്ങളിൽ 121 ഇടങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. സഹർസയിലാണ് ഏറ്റവും ഉയർന്ന പോളിംഗ് രേഖപ്പെടുത്തിയത് 15.27 ശതമാനം, അതേസമയം ലഖിസാരായിയിൽ ഏറ്റവും കുറവ് പോളിംഗ് രേഖപ്പെടുത്തിയത് (ഏഴ് ശതമാനം). സംസ്ഥാന തലസ്ഥാനമായ പാറ്റ്നയിൽ, രാവിലെ ഒൻപത് വരെ 11.22% പോളിംഗ് രേഖപ്പെടുത്തി.
രാഘോപൂരിൽ നിന്ന് മത്സരിക്കുന്ന മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയും ആർജെഡി നേതാവുമായ തേജസ്വി യാദവ് രാവിലെ വോട്ട് രേഖപ്പെടുത്തി.