ബുലവായോ: അണ്ടര്‍ 19 ലോകകപ്പില്‍ ബംഗ്ലാദേശ് ക്യാപ്റ്റന്‍ ഹസ്തദാനം ചെയ്യാന്‍ വിസമ്മതിച്ച് ഇന്ത്യന്‍ നായകന് ആയുഷ് മാത്രെ. സ്ഥിരം ക്യാപ്റ്റന്‍ മുഹമ്മദ് അസീസുല്‍ ഹക്കീം തമീമിന് സുഖമില്ലാത്തതിനാല്‍ വൈസ് ക്യാപ്റ്റന്‍ സവാദ് അബ്രാറാണ് ടോസിനെത്തിയത്.
എന്നാല്‍ ഇരു ക്യാപ്റ്റന്മാറും ഹസ്തദാനം ചെയ്തില്ല. ടോസ് നേടി ആദ്യം ഫീല്‍ഡ് ചെയ്യാന്‍ ബംഗ്ലാദേശ് തീരുമാനിച്ചിരുന്നു. തുടർന്ന് അബ്രാര്‍, മാത്രെയ്ക്ക് അരികിലൂടെ നടന്നുപോവുകയായിരുന്നു. ഇരുവരും മുഖത്തോട് മുഖം നോക്കാനോ പരസ്പരം സംസാരിക്കാനോ നിന്നില്ല.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിൽ കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സിൽ ഉൾപ്പെടുത്തിയിരുന്ന ബംഗ്ലാദേശ് ബൗളര്‍ മുസ്തഫിസുര്‍ റഹ്മാനെ പിന്നീട് ഒഴിവാക്കിയത് വിവാദമായിരുന്നു. തുടർന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള ക്രിക്കറ്റ് ബന്ധത്തിൽ വിള്ളലുണ്ടാവുകയായിരുന്നു.
ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിലും പിന്നീട് വനിതാ ക്രിക്കറ്റ് ലോകകപ്പിലും അണ്ടർ 19 ഏഷ്യാ കപ്പിലുമെല്ലാം പാക്കിസ്ഥാന് ഇന്ത്യ ഹസ്തദാനം നൽകിയിരുന്നില്ല. പഹൽഗാം ആക്രമണം, ഓപ്പറേഷൻ സിന്ദൂർ എന്നിവയുടെ പശ്ചാത്തലത്തിലാണ് കളിക്കളത്തിലും പാക്കിസ്ഥാനുമായുള്ള സൗഹൃദം ഇന്ത്യ ഉപേക്ഷിച്ചത്.