ഇന്ത്യയിലെ മുഴുവൻ ഭാഷകളിലെയും സംസ്ഥാനങ്ങളിലെയും മികച്ച സാഹിത്യത്തിന് ലഭിക്കുന്ന അംഗീകാരമാണ് ജ്ഞാനപീഠം. അതുകൊണ്ടു തന്നെ ഭാരതത്തിലെ ഏറ്റവും ഉന്നതമായ പുരസ്കാരമാണിത്.
നീണ്ട 25 വർഷങ്ങൾക്ക് ശേഷമാണ് തമിഴ്നാട്ടിലേക്ക് ഈ പുരസ്കാരം എത്തുന്നത് എന്ന സവിശേഷതയും ഉണ്ട്. അതിനാൽ തന്നെ നമുക്കിത് ആഘോഷിക്കാം. ജ്ഞാനപീഠം പുരസ്കാരം ലഭിച്ചപ്പോൾ നടത്തിയ വാർത്താ സമ്മേളനത്തിൽ ആർ. വൈരമുത്തു ഇത് പറഞ്ഞ ഉടനെ പരിസരത്ത് വൻ ശബ്ദഘോഷത്തിൽ പടക്കം പൊട്ടുകയാണ്.
കാതടപ്പിക്കുന്ന ആഘോഷ പൊടിപൂരം നീണ്ടു നിണ്ട് പോയപ്പോൾ വൈരമുത്തു തന്നെ ഇടപെട്ട് വെടിക്കെട്ട് നിർത്തിവയ്ക്കുന്നു. തമിഴ് ജനതയുടെ താരാരാധനയുടെ സവിശേഷതയാണിത്. എന്തായാലും കാൽനൂറ്റാണ്ടിന് ഇപ്പുറം വൈരമുത്തുവിലൂടെ തമിഴകത്തിന് ലഭിച്ച പരമോന്നത അംഗീകാരം വൻ രീതിയിൽ ആഘോഷിക്കപ്പെടുകയാണ്.
തമിഴ് നാട്ടിൽ മാത്രം ഒതുങ്ങുന്ന ഒരു കവിയും നോവലിസ്റ്റും ഗാനരചയിതാവുമല്ല വൈരമുത്തു. ഇന്ത്യയിലെ 23 ഭാഷകളിൽ കള്ളിക്കാട് ചരിതം എന്ന അദ്ദേഹത്തിന്റെ നോവൽ പരിഭാഷപ്പെടുത്തിയിട്ടുണ്ട്. വിദേശ ഭാഷകളിലും നോവലിന്റെ മൊഴിമാറ്റം നടത്തിയിട്ടുണ്ട്
കാതൽ റോജാവേ... ഉയിരേ ഉയിരേ... ഇളയനിലാ പൊഴിയിറുതേ... സഹാന സരൽ തൂവുതോ... തുടങ്ങിയ വൈരമുത്തുവിന്റെ നൂറു നൂറ് തമിഴ് സിനിമ ഗാനങ്ങൾ ആകട്ടെ ഇന്ത്യയിലെ വലിയൊരു ജനവിഭാഗം നെഞ്ചേറ്റുന്നവയാണ്.
മാർച്ച് 14ന് ജ്ഞാനപീഠം വാർത്ത വന്നതിന്റെ ആഘോഷത്തിന് ഒപ്പം വിവാദങ്ങളും പൊട്ടിപ്പുറപ്പെട്ടിട്ടുണ്ട്. പ്രശസ്ത ഗായിക ചിന്മയി യും ആക്ടിവിസ്റ്റുകളും രാജ്യത്തിന്റെ പരമോന്നത പുരസ്കാരം വൈരമുത്തുവിനു നൽകുന്നതിനെ ചോദ്യം ചെയ്തിരിക്കുന്നു. 2018 ൽ വൈര മുത്തുവിനെതിരെ മീറ്റ് ടു വിലൂടെ രംഗത്ത് വന്നിരുന്നു ചിന്മയി ശ്രീപാദ. അക്കാലത്ത് മറ്റു ചില സ്ത്രീകളും സമാനമായ ആരോപണവുമായി എത്തിയിരുന്നു.
ഇപ്പോൾ ജ്ഞാനപീഠം ലഭിച്ചതിൽ വൈര മുത്തുവിനെ പ്രശംസിച്ച സൂപ്പർതാരങ്ങളായ കമലഹാസൻ, രജനീകാന്ത് തുടങ്ങിയവരെ വിമർശിച്ചു കൊണ്ടുള്ള ചിന്മയി യുടെ പോസ്റ്റുകളും പുറത്തുവരുന്നുണ്ട്. ഒരു വ്യക്തിയുടെ സ്വഭാവം, അയാൾ നേരിടുന്ന ആരോപണം ഇവ സർഗജീവിതവുമായി ഇടകലർത്തണമോ എന്ന ചിന്ത ഒരു ഭാഗത്ത് നിലനിൽക്കുന്നുണ്ട്.
സാഹിത്യരംഗത്തെ സംഭാവനയ്ക്കാണ് 2025ലെ ജ്ഞാനപീഠം പുരസ്കാരം രാമസാമി വൈരമുത്തുവിനെ തേടി എത്തിയിരിക്കുന്നത്. (ഗാന രചനയും ഉൾപ്പെടും) കവിതകളും നോവലും ഉൾപ്പെടെ 40 പുസ്തകങ്ങൾ വൈരമുത്തുവിന് സ്വന്തം. എണ്ണായിരം സിനിമാ ഗാനങ്ങൾ രചിച്ചിട്ടുണ്ട്. ഗാനങ്ങൾ കൂടാതെ ചലച്ചിത്രങ്ങൾക്ക് തിരക്കഥയും സംഭാഷണവും എഴുതിയിട്ടുമുണ്ട്.
1980 ല് പുറത്തിറങ്ങിയ ഭാരതിരാജയുടെ നിഴൽഗൾ എന്ന സിനിമയിൽ ആണ് രംഗപ്രവേശം. സംഗീത ഇതിഹാസം ഇളയരാജയ്ക്കാപ്പം തുടക്കം! 'ദൂരത്തിൽ നാൻ കണ്ട ഒൻ മുഖം.. 'എന്ന എസ്. ജാനകി പാടിയ കന്നി ഗാനം പ്രണയത്തിന്റെ ആർദ്ര സ്പർശമാണ്..'ഇത് ഒരു പൊൻമാലൈ പൊഴുത്.. 'എന്ന ഗാനം എക്കാലത്തെയും സൂപ്പർ ഹിറ്റ് ആയും തുടരുന്നു.നിഴൽഗൾ എന്ന് ചിത്രത്തിൽ തുടങ്ങിയ വൈരമുത്തു - ഇളയരാജ കൂട്ടുകെട്ട് 1986ലെ 'പുന്നകൈ മന്നൻ' വരെ നീണ്ടു. ഇളയനിലാ പൊഴിയിറുതു... പൂവേ പൂചൂടവാ... അന്തിമഴ പൊഴി ഹിറത്... തുടങ്ങിയ അനശ്വര ഗാനങ്ങൾ ഈ സഖ്യത്തിൽ പിറന്നതാണ്.
ഇന്നും കൃത്യമായി അറിയാത്ത കാരണങ്ങൾ കൊണ്ട് ഇരുവരും അകന്നു. ഈണം പകരുമ്പോൾ സംഗീത മികവിന് വേണ്ടി ഇളയരാജ ചില വാക്കുകൾ തിരുത്തിയത് വൈരമുത്തുവിന് ഇഷ്ടക്കേട് ഉണ്ടാക്കിയിരുന്നു എന്ന് പറയപ്പെടുന്നു.
ഇളയനില പൊഴിയിറുത്... എന്ന സൂപ്പർ ഹിറ്റ് ഗാനത്തിലെ 'ഇളയനിലാ 'എന്ന വാക്ക് ചേർക്കുന്നത് ഇളയരാജയായിരുന്നുവത്രേ. 'സലവൈ നിലാ 'എന്നാണ് വൈരമുത്തു എഴുതിയിരുന്നത് എന്നും ആരാധകർ പറയുന്നു. സംഗീതം ആണോ ഗാനസാഹിത്യമാണോ വലുത് എന്നുള്ള ചർച്ചയും ഇരുവർക്കും ഇടയിൽ അകലം സൃഷ്ടിച്ചിരുന്നു. വൈരമുത്തു - ഇളയരാജ മാസ്മരികതയ്ക്ക് തുടക്കം കുറിച്ച ഭാരതിരാജ പല തവണ ഈ പ്രതിഭകളെ ഒന്നിച്ച് ചേർക്കാൻ നോക്കിയെങ്കിലും എല്ലാ ശ്രമങ്ങളും വിഫലമാവുകയായിരുന്നു.
എം.എസ്. വിശ്വനാഥൻ, ആർ. ഡി.ബർമൻ, ലക്ഷ്മികാന്ത് പ്യാരെ ലാൽ, കീരവാണി തുടങ്ങി ഇന്ത്യയിലെ തന്നെ വിഖ്യാത സംഗീതസംവിധായകർക്കൊപ്പം കൈകോർത്തിട്ടുണ്ട് വൈരമുത്തു. ആറ് തവണ ഗാനരചനയ്ക്ക് ദേശീയ പുരസ്കാരം ലഭിച്ചിട്ടുണ്ട്. ഗാനരചനാരംഗത്ത് ഇതൊരു റിക്കാർഡ് ആയി ഇന്നും നിലനിൽക്കുന്നു. എ. ആർ.റഹ്മാനു ഒപ്പം ചേർന്നപ്പോഴാണ് നാല് തവണ ദേശീയ പുരസ്കാരം ലഭിച്ചത്. റോജ, ജന്റെൽമാൻ,ശിവാജി, യന്തിരൻ തുടങ്ങിയ ചിത്രങ്ങളിലെ ഗാനങ്ങൾ ഒരു പുതിയ തരംഗത്തിന് തന്നെ തുടക്കം കുറിച്ചവയാണ്.
വൈരമുത്തുവിന്റെ പല അനശ്വര ഗാനങ്ങളെയും തമിഴ് സിനിമാ ലോകവും പുതിയ സംഗീത ലോകവും കച്ചവട താൽപര്യങ്ങൾക്കായി ഉപയോഗിക്കുന്നതിനെ എതിർത്തുകൊണ്ടും വൈരമുത്തു രംഗത്ത് വന്നിട്ടുണ്ട്. ഈറമാന റോജാവേ, മൗനരാഗം, മിൻസാര കണ്ണാ, പൂവെല്ലാം കേട്ടുപാർ, വിണ്ണൈത്താണ്ടി വരുവായ തുടങ്ങിയ തന്റെ പാട്ടിലെ വരികൾ പല സിനിമ പേരുകൾ ആയും ഉപയോഗിച്ചിട്ടുണ്ട്. തന്നോട് ഒരു വാക്കുപോലും പറയാതെയാണ് ഈ പേരുകൾ എന്നും വൈരമുത്തു പരസ്യമായി പറഞ്ഞിട്ടുണ്ട്.
തമിഴ് സ്വത്വവും തനിമയും തന്റെ രചനകളിൽ മനോഹരമായി ഇഴ ചേർത്ത എഴുത്തുകാരനാണ് വൈരമുത്തു. എഴുത്തിൽ മാത്രമല്ല വാക്കിലും കവിത നിറയും, തമിഴകത്തിന്റെ വീര്യവും.
"സൂര്യൻ പഴയതാണ് പക്ഷേ ഓരോ ദിവസവും ഉദിച്ചുയരുന്നത് പുതിയ സൂര്യനാണ്. ചന്ദ്രനും അതുപോലെ തന്നെ." ഇങ്ങനെ പറയുന്നു വൈരമുത്തു.