ഇടുക്കി: ജില്ലാ ആസ്ഥാനമായ ചെറുതോണിയില്‍ കെഎസ്ആര്‍ടിസി ഓപ്പറേറ്റിംഗ് സെന്റര്‍ ആരംഭിച്ചു. മന്ത്രി കെ.ബി. ഗണേഷ്കുമാര് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. കെഎസ്ആര്‍ടിസി 4 - ബേ ബസ് ഗാരേജിന്റെ നിര്‍മാണോദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു. ഇതോടൊപ്പം ചെറുതോണിയില്‍നിന്ന് കെഎസ്ആര്‍ടിസിയുടെ 12 പുതിയ സര്‍വീസുകള്‍ക്കും തുടക്കമായി.
ജില്ലയുടെ വികസനത്തിനു മുതല്‍ക്കൂട്ടാകും പുതിയ ഓപ്പറേറ്റിംഗ് സെന്ററെന്ന് അദ്ദേഹം പറഞ്ഞു. പത്തു വര്‍ഷത്തിനുശേഷം സംസ്ഥാനത്ത് ആരംഭിക്കുന്ന പുതിയ ഓപ്പറേറ്റിംഗ് സെന്ററാണ് ചെറുതോണിയിലേത്.
ജില്ലയിലെ ഏഴാമത്തെയും സംസ്ഥാനത്തെ 94-ാമത്തെയും ബസ് ഓപ്പറേറ്റിംഗ് സെന്ററാണിത്. മന്ത്രി റോഷി അഗസ്റ്റിന്റെ ആവശ്യപ്രകാരമാണ് ചെറുതോണിയില്‍ പുതിയ ബസ് സ്റ്റേഷന് തുടങ്ങുന്നതെന്ന് മന്ത്രി പറഞ്ഞു.
ജില്ലാ ആസ്ഥാനത്തുനിന്നു സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് സൂപ്പര്‍ ഡീലക്സ് ബസുകള്‍, സൂപ്പര്‍ ഫാസ്റ്റ്, ഓര്‍ഡിനറി ബസുകള്‍ ആരംഭിക്കും. കളമശേരി മെഡിക്കല്‍ കോളജിലേക്ക് പ്രത്യേക സര്‍വീസും ആരംഭിക്കും. ജില്ലാ പഞ്ചായത്ത് നല്കിയ 40 സെന്റ് സ്ഥലത്താണ് നാലു ബേകളുള്ള ബസ് സ്റ്റേഷന് നിര്‍മാണം തുടങ്ങുന്നത്. 15128 ചതുരശ്രയടിയില്‍ മറ്റൊരു കെട്ടിടവും നിര്‍മിക്കും. പദ്ധതി പൂര്‍ണ സജ്ജമാകുന്നതോടെ കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കും.
മന്ത്രി റോഷി അഗസ്റ്റിന് അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ ഡോ. ദിനേശന് ചെറുവാട്ട്, ത്രിതല പഞ്ചായത്തംഗങ്ങളായ വിജി കണ്ണന്, ടി.ഇ. നൗഷാദ്, അമ്മിണി ജോസ്, പ്രഭ തങ്കച്ചന്, സിജി ചാക്കോ, രാജു ജോസഫ്, കെഎസ്ആര്‍ടിസി ചെയര്മാന് ആൻഡ് മാനേജിംഗ് ഡയറക്ടര്‍ പി.എസ്. പ്രമോജ് ശങ്കര്‍, കട്ടപ്പന അസിസ്റ്റന്റ് ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ ഷാജി കുര്യാക്കോ, സി.വി. വര്‍ഗീസ്, ഷാജി കാഞ്ഞമല, കെ. സലിം കുമാര്‍, അനില്‍ കൂവപ്ലാക്കല്‍, ജോസ് കുഴികണ്ടം, സാജന് കുന്നേല്‍, രതീഷ് അത്തിപ്പള്ളി തുടങ്ങിയവര്‍ പ്രസംഗിച്ചു. ചടങ്ങിനു ശേഷം മന്ത്രി റോഷി അഗസ്റ്റിനും ജനപ്രതിനിധികളും നാട്ടുകാരും ചേലച്ചുവട്ടില്നിന്നു ചെറുതോണിയിലേക്ക് പുതിയ ബസുകളില്‍ യാത്ര ചെയ്ത് ഉദ്ഘാടനം ആഘോഷമാക്കി.