പാലക്കാട്: ജില്ലാ സഹോദയ കലോത്സവത്തിലെ ആദ്യദിനമായ ഇന്നലെ സെന്റ് റാഫേൽസ് കത്തീഡ്രൽ സ്കൂളിലും പരിസരത്തുമായി 17 വേദികളിലാണ് വിവിധ മത്സരങ്ങൾ അരങ്ങേറിയത്. സ്റ്റേജ്-സ്റ്റേജിതര മത്സരങ്ങളിൽ നാലു കാറ്റഗറികളിലായി മത്സരങ്ങൾ നടന്നു.
ഇതു കൂടാതെ ഗ്രൂപ്പ് മത്സരങ്ങൾ കോമണ്‍ കാറ്റഗറിയിലും നടന്നു. പ്രബന്ധരചന, കഥാരചന, പദ്യരചന, പെയിന്റിംഗ്, പെൻസിൽ ഡ്രോയിംഗ് തുടങ്ങിയ സ്റ്റേജിതര മത്സരങ്ങളും നാടോടിനൃത്തം, ഭരതനാട്യം, തിരുവാതിരക്കളി, കോൽക്കളി, സംഘനൃത്തം, ഏകാംഗനാടകം തുടങ്ങിയ സ്റ്റേജ് മത്സരങ്ങളും അരങ്ങേറി. സെന്റ് റാഫേൽസ് സ്കൂളിലെ വിവിധ വേദികളെ കൂടാതെ പാസ്റ്ററൽ സെന്റർ, പ്രസന്നലക്ഷ്മി ഓഡിറ്റോറിയം, തരുണ്‍ വിഹ ഹാൾ എന്നിവിടങ്ങളിലും മത്സരങ്ങൾ അരങ്ങേറി.
ഇവ കൂടാതെ പാലക്കാട് ലയണ്‍സ് സ്കൂൾ ഗ്രൗണ്ടിൽ രാവിലെ ഏഴരയ്ക്ക് ബാൻഡ്മേള മത്സരവും നടന്നു. എല്ലാ വേദികളിലും നിറഞ്ഞ സദസാണ് മത്സരം കാണാനും കുട്ടികളെ പ്രോത്സാഹിപ്പിക്കാനും എത്തിയത്.
അധ്യാപകരും വിദ്യാർഥികളും സഹോദയ ഭാരവാഹികളും അടങ്ങുന്ന വോളന്റിയർമാർ മത്സരങ്ങളും ഒരുക്കങ്ങളും നടത്തിപ്പും കാര്യക്ഷമമായി നിയന്ത്രിച്ചു.
സെന്റ് റാഫേൽസ് സ്കൂൾ മുന്നിൽ
പാലക്കാട്: ജില്ലാ സഹോദയ കലോത്സവത്തിന്റെ ആദ്യദിനം പിന്നിട്ടപ്പോൾ പാലക്കാട് സെന്റ് റാഫേൽസ് സ്കൂൾ ഒന്നാംസ്ഥാനത്തെത്തി. 108 പോയിന്റാണ് ആദ്യദിനത്തിൽ സ്കൂൾ കരസ്ഥമാക്കിയത്. 77 പോയിന്റുവീതം നേടി മണ്ണാർക്കാട് സെന്റ് ഡൊമിനിക്സ് സ്കൂളും ശ്രീകൃഷ്ണപുരം സെന്റ് ഡൊമിനിക്സ് സ്കൂളും രണ്ടാംസ്ഥാനം പങ്കിടുന്നു.
ആദ്യദിനത്തിലെ സ്റ്റേജ് മത്സരങ്ങൾ പൂർത്തിയായപ്പോഴാണ് ഈ സ്കൂളുകൾ മുൻനിരയിൽ തുടരുന്നത്. പട്ടാമ്പി എംഇഎസ് ഇന്റർനാഷണൽ സ്കൂൾ 75 പോയിന്റുമായി മൂന്നാമതും കഞ്ചിക്കോട് അഹല്യ പബ്ളിക് സ്കൂൾ 71 പോയിന്റുമായി നാലാം സ്ഥാനത്തും നിലയുറപ്പിച്ചിട്ടുണ്ട്.