പോ ളണ്ട് ലോകത്തിലെ ഏറ്റവും വലിയ 20 സന്പദ്വ്യവസ്ഥകളുടെ പട്ടികയിൽ ഇപ്പോൾ ഇടംപിടിച്ചിരിക്കുകയാണ്. ഒരു കാലത്ത് ഭക്ഷണത്തിന് ക്ഷാമം നേരിട്ടിരുന്ന അവസ്ഥയിൽനിന്നുമാണ് ഈ വളർച്ച. ഒരു തലമുറ മുന്പ് നിത്യോപയോഗ സാധനങ്ങൾക്കുപോലും റേഷൻ ഏർപ്പെടുത്തേണ്ടി വന്ന രാജ്യമായിരുന്നു പോളണ്ട്. അന്നത്തെ പോളിഷ് പൗരന്മാരുടെ വരുമാനം പടിഞ്ഞാറൻ ജർമൻകാർ സന്പാദിക്കുന്നതിന്റെ പത്തിലൊന്ന് മാത്രമായിരുന്നു. എന്നാൽ, ഇന്നു വാർഷിക ഉത്പാദനത്തിൽ ഒരു ട്രില്യണ് ഡോളർ എന്ന നാഴികക്കല്ല് പിന്നിട്ട് സ്വിറ്റ്സർലൻഡിനെപ്പോലും മറികടന്ന് പോളണ്ട് ലോകത്തിലെ ഏറ്റവും വലിയ ഇരുപതാമത്തെ സന്പദ്വ്യവസ്ഥയായി മാറിയിരിക്കുന്നു.
കഴിഞ്ഞ 35 വർഷത്തിനിടയിൽ യൂറോപ്പിലെ ഏറ്റവും വലിയ സാന്പത്തികവളർച്ച നേടിയ രാജ്യങ്ങളിലൊന്നാണ് പോളണ്ട്. ഈ വളർച്ചയുടെ പ്രധാന കാരണങ്ങളിലൊന്ന് രാജ്യത്ത് നടപ്പിലാക്കിയ ശക്തമായ ഭരണഘടനാപരമായ മാറ്റങ്ങളാണ്. 1989-1990കളിലെ കമ്യൂണിസ്റ്റ് ഭരണത്തിന്റെ തകർച്ചയിൽനിന്ന് ഒരു ലക്ഷം കോടി ഡോളർ വാർഷിക ഉത്പാദനം എന്ന ലക്ഷ്യത്തിലേക്ക് പോളണ്ട് എത്തിയത് കൃത്യമായ ആസൂത്രണത്തിലൂടെയാണ്. ഈ വർഷം അവസാനത്തോടെ നടക്കുന്ന ജി20 രാജ്യങ്ങളുടെ ഉച്ചകോടിയിൽ പോളണ്ടിന്റെ സാന്നിധ്യം അംഗീകരിക്കപ്പെടണമെന്ന് ട്രംപ് ഭരണകൂടം വാദിക്കുന്നു. ജി20 ഉച്ചകോടിലേക്ക് ഒരു രാജ്യത്തെ അതിഥിയായി ക്ഷണിക്കുന്നത് പ്രതീകാത്മമായ നീക്കംമാത്രമാണ്.1999ൽ ധനമന്ത്രിമാരുടെ തലത്തിൽ ജി 20 രൂപീകൃതമായശേഷം ഒരു അതിഥി രാജ്യത്തെയും പൂർണ അംഗമായി ഉയർത്തിയിട്ടില്ല.
►കുത്തകകളില്ല
അഴിമതിയില്ലാത്ത ഭരണസംവിധാനം, സ്വതന്ത്രമായ കോടതികൾ, ശക്തമായ ബാങ്കിംഗ് നിയന്ത്രണങ്ങൾ, ആരോഗ്യകരമായ മത്സരം ഉറപ്പാക്കാൻ കുത്തക വിരുദ്ധ ഏജൻസി എന്നിവ നടപ്പിലാക്കിയതിലൂടെ സാന്പത്തിക സുരക്ഷിതത്വം ഉറപ്പാക്കാൻ സാധിച്ചു. ഇതിന്റെ ഫലമായി മറ്റ് പല മുൻ കമ്യൂണിസ്റ്റ് രാജ്യങ്ങളിലും സംഭവിച്ചതുപോലെ അഴിമതി നിറഞ്ഞ പ്രവർത്തനങ്ങളോ കുത്തകമുതലാളിമാരോ ഇല്ലാതായി.
2004ൽ യൂറോപ്യൻ യൂണിയനിൽ ചേരുന്നതിനു മുന്പും ശേഷവും ലഭിച്ച ശതകോടിക്കണക്കിന് യൂറോയുടെ സഹായവും യൂറോപ്പിലെ ബൃഹത്തായ ഏകീകൃത വിപണയിലേക്കുള്ള പ്രവേശനവും പോളണ്ടിന് ഗുണമായി.
►വിദ്യാഭ്യാസ മേഖലയിലെ വളർച്ച
വിദ്യാഭ്യാസ മേഖലയിലെ വലിയ മുന്നേറ്റമാണ് പോളണ്ടിന്റെ മറ്റൊരു കരുത്ത്. ഇന്നത്തെ യുവാക്കളിൽ പകുതിയോളം പേരും ഉന്നത വിദ്യാഭ്യാസം നേടിയവരാണ്. ജർമനിയിലെ യുവാക്കളേക്കാൾ ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവരാണ് പോളണ്ടിലെ യുവാക്കളെന്ന് സാന്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നുണ്ട്.
കുറഞ്ഞ ചെലവിൽ മികച്ച വൈദഗ്ധ്യമുള്ള തൊഴിലാളികളെ ലഭിക്കുന്നത് അന്താരാഷ്ട്ര നിക്ഷേപകരെ പോളണ്ടിലേക്ക് ആകർഷിച്ചു.
►ഇലക്ട്രിക് ബസിലൂടെ മുന്നോട്ട്
1996ൽ ക്രിസ്റ്റോഫ് ഓൾഷെവ്സ്കി പോസ്നാനിൽ സ്ഥാപിച്ച സോളാരിസ് എന്ന ഇലക്ട്രിക് ബസ് നിർമാണ കന്പനി പോളണ്ടിന്റെ സാങ്കേതിക മുന്നേറ്റത്തിന്റെ പ്രതീകമാണ്. ഇന്ന് യൂറോപ്പിലെ ഇലക്ട്രിക് ബസ് വിപണിയുടെ 15 ശതമാനത്തോളം ഈ കന്പനിയുടെ കൈവശമാണ്. സോളാരിസ് പോലുള്ള കന്പനികൾ ഇലക്ട്രിക് ബസ് നിർമാണത്തിൽ ആഗോളതലത്തിൽ മുൻപന്തിയിലെത്തിയത് രാജ്യത്തിന്റെ സംരംഭകത്വ മികവിന് ഉദാഹരണമാണ്.
വിദേശ കന്പനികളുടെ നിർമാണ കേന്ദ്രം എന്ന നിലയിൽ നിന്ന് അത്യാധുനിക സാങ്കേതികവിദ്യയുടെ കേന്ദ്രമായി പോളണ്ട് മാറിക്കൊണ്ടിരിക്കുകയാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ക്വാണ്ടം കംപ്യൂട്ടിംഗ് തുടങ്ങിയ മേഖലകളിൽ രാജ്യം വൻ നിക്ഷേപം നടത്തുന്നു. മൈക്രോസോഫ്റ്റ് പോലുള്ള വലിയ കന്പനികളിൽ ജോലി ചെയ്തിരുന്ന പല പ്രഫഷണലുകളും ഇന്ന് പോളണ്ടിലേക്ക് തിരിച്ചുവരുന്നതിന്റെ കാരണം അവിടെയുള്ള തൊഴിൽസാധ്യതകളും സാങ്കേതിക മുന്നേറ്റവുമാണ്.
►വെല്ലുവിളികൾ
ഇത്രയേറെ വളർച്ചയുണ്ടെങ്കിലും ചില പ്രധാന വെല്ലുവിളികൾ രാജ്യം ഇന്നും നേരിടുന്നുണ്ട്. ജനനനിരക്ക് കുറയുന്നതും പ്രായമായവരുടെ എണ്ണം കൂടുന്നതും ഭാവിയിൽ തൊഴിലാളികളുടെ ക്ഷാമത്തിന് കാരണമായേക്കാം. ശരാശരി വേതനം ഇപ്പോഴും യൂറോപ്യൻ യൂണിയന്റെ ശരാശരിയേക്കാൾ താഴെയാണ്. ചെറുകിട-ഇടത്തരം സംരംഭങ്ങൾ വളരുന്നുണ്ടെങ്കിലും ഇതിൽ കുറച്ചെണ്ണം മാത്രമാണ് ആഗോള ബ്രാൻഡുകളായത്. നഗരങ്ങളും ഗ്രാമങ്ങളും തമ്മിലുള്ള സാന്പത്തിക അന്തരം ഇന്നും നിലനിൽക്കുന്നു. കൂടാതെ പടിഞ്ഞാറൻ യൂറോപ്പിലെ വേതന നിലവാരത്തിലേക്ക് എത്താൻ പോളണ്ടിന് ഇനിയും ഏറെ സമയമെടുക്കും.
2022ൽ റഷ്യ-യുക്രെയ്ൻ യുദ്ധത്തെത്തുടർന്ന് പോളണ്ടിലെത്തിയ യുക്രെയ്ൻ അഭയാർഥികൾ രാജ്യത്തിന്റെ സാന്പത്തിക വളർച്ച നിലനിർത്തുന്നതിൽ നിർണായക പങ്ക് വഹിക്കുന്നുണ്ട്. ആഗോള സാന്പത്തിക രംഗത്ത് പോളണ്ട് ഇന്ന് ഒരു മാതൃകയാണ്.