ദിസ്പുർ: കോൺഗ്രസ് നേതാക്കൾക്കെതിരെ മാനനഷ്ടക്കേസ് ഫയൽചെയ്ത് ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. മുതിർന്ന കോൺഗ്രസ് നേതാക്കളായ ജിതേന്ദ്ര സിംഗ്, മുൻ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ, ആസാം കോൺഗ്രസ് പ്രസിഡന്റ് ഗൗരവ് ഗൊഗോയ് എന്നിവർക്കെതിരെ 500 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് അദ്ദേഹം നിയമനടപടി ആരംഭിച്ചത്.
കോൺഗ്രസ് നേതാക്കൾ തനിക്കെതിരെ തെറ്റായതും ദുരുദേശ്യപരവും അപകീർത്തികരവുമായ ആരോപണങ്ങൾ ഉന്നയിച്ചെന്ന് ഗോഹട്ടിയിൽ നടന്ന പത്രസമ്മേളനത്തിൽ ഹിമന്ത ബിശ്വ ശർമ ആരോപിച്ചു.
"ഒരു പത്രസമ്മേളനത്തിനിടെ എനിക്കെതിരെ തെറ്റായതും ദുരുദ്ദേശ്യപരവും അപകീർത്തികരവുമായ ആരോപണങ്ങൾ ഉന്നയിച്ചതിന് കോൺഗ്രസ് നേതാക്കളായ ജിതേന്ദ്ര സിംഗ്, ഭൂപേഷ് ബാഗേൽ, ഗൗരവ് ഗൊഗോയ് എന്നിവർക്കെതിരെ ഇന്ന് 500 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഞാൻ മാനനഷ്ടക്കേസ് ഫയൽ ചെയ്തു'-ഹിമന്ത ബിശ്വ ശർമ എക്സിൽ കുറിച്ചു.
ഫെബ്രുവരി നാലിന്, ആസാം കോൺഗ്രസ് "ഹു ഈസ് എച്ച്ബിഎസ്' എന്ന പേരിൽ ഒരു വെബ്സൈറ്റ് ആരംഭിക്കുകയും ഹിമന്ത ബിശ്വ ശർമയ്ക്കെതിരെ അഴിമതി, അധികാര ദുർവിനിയോഗം, സാംസ്കാരിക പ്രതിഭകളോടുള്ള അനാദരവ് എന്നിവ ആരോപിച്ച് ഒരു ലഘുലേഖയും പുറത്തുവിട്ടിരുന്നു.
എന്നാൽ ഈ വെബ്സൈറ്റ് പിന്നീട് ഹാക്ക് ചെയ്യപ്പെട്ടു. മുഖ്യമന്ത്രിയും കുടുംബവും ഏകദേശം 12,000 ബിഗ (ഏകദേശം 4,000 ഏക്കർ) ഭൂമി കൈവശം വച്ചിട്ടുണ്ടെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു, കാർഷിക ഭൂമിയെ വ്യാവസായിക ഭൂമിയാക്കി മാറ്റാൻ നിയമങ്ങളിൽ കൃത്രിമം കാണിച്ചുവെന്നും കോൺഗ്രസ് ആരോപിച്ചു.
അതേസമയം, കാംരൂപ് ജില്ലാ സിവിൽ കോടതിയിലാണ് മുഖ്യമന്ത്രി മാനനഷ്ടക്കേസ് ഫയൽ ചെയ്തത്. തുടർ നടപടികൾ നടന്നുവരികയാണെന്നും വൃത്തങ്ങൾ അറിയിച്ചു.