കല്‍പ്പറ്റ: സംസ്ഥാനത്തെ 56 അതിവേഗ പ്രത്യേക കോടതികളുടെ കാലാവധി സെപ്റ്റംബര്‍ 30 വരെ നീട്ടി സര്‍ക്കാര്‍ ഉത്തരവായി. ബലാത്സംഗക്കേസുകളും പോക്സോ നിയമപ്രകാരമുള്ള കേസുകളും വേഗത്തില്‍ വിചാരണ ചെയ്യുന്നതിനും തീര്‍പ്പാക്കുന്നതിനും സ്ഥാപിച്ചതാണ് പ്രത്യേക അതിവേഗ കോടതികൾ. ഇവയുടെ പ്രവര്‍ത്തന കാലാവധി ഏപ്രില്‍ ഒന്നിന് കഴിഞ്ഞിരിക്കെയാണ് ഉത്തരവ്.
അതിവേഗ കോടതിയുമായി ബന്ധപ്പെട്ട കേന്ദ്രാവിഷ്കൃത പദ്ധതിയുടെ കാലാവധി സെപ്റ്റംബര്‍ 30 വരെയോ പതിനാറാമത് ധനകാര്യ കമ്മീഷനില്‍ സ്കീം അംഗീകരിക്കുന്ന തീയതി വരെയോ ദീര്‍ഘിപ്പിക്കുന്നതിന് കേന്ദ്ര ധനമന്ത്രാലയം അനുമതി നല്‍കിയിരുന്നു.
പ്രവര്‍ത്തനത്തില്‍ തടസം ഉണ്ടാകാതിരിക്കാനും കേസുകള്‍ തീര്‍പ്പാക്കുന്നതിലെ വേഗത നിലനിര്‍ത്തുന്നതിനും കോടതികള്‍ക്ക് തുടര്‍ച്ചാനുമതി ലഭ്യമാക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി രജിസ്ട്രാര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. 2021 മാര്‍ച്ച് മൂന്നിന് അവസാനിക്കുന്ന വിധത്തില്‍ 2019-20, 2020-21 വര്‍ഷങ്ങളിലേക്കാണ് തുടക്കത്തില്‍ അതിവേഗ കോടതി പദ്ധതി നടപ്പാക്കിയത്.
തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ പദ്ധതി കാലാവധി 2023 മാര്‍ച്ച് 31 വരെയും പിന്നീട് 2026 മാര്‍ച്ച് 31 വരെയും ദീര്‍ഘിപ്പിച്ചിരുന്നു. കേന്ദ്ര സര്‍ക്കാര്‍ പദ്ധതി നിര്‍ത്തലാക്കുമ്പോള്‍ പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്ന വ്യവസ്ഥയ്ക്കു വിധേയമായാണ് സംസ്ഥാനത്തെ അതിവേഗ പ്രത്യേക കോടതികള്‍ക്ക് കഴിഞ്ഞ വര്‍ഷം തുടര്‍ച്ചാനുമതി നല്‍കിയത്.