പന്മന: ഗ്രാമപഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ തെരുവ് നായകളുടെ ശല്യം ദിനംപ്രതി രൂക്ഷമായിക്കൊണ്ടിരിക്കുകയാണ് പരാതിയുമായി ഡിവൈഎഫ്ഐ.
പന്മന പഞ്ചയാത്തില് മാത്രം 25ല്‍ അധികം ആളുകള്‍ക്കാണ് തെരുവുനായയുടെ കടിയേറ്റത്.
ഇതുമൂലം പൊതുജനങ്ങള്‍ കടുത്ത ഭീതിയിലും ആശങ്കയിലുമാണെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നല്കിയ പരാതിയില്‍ പറയുന്നു.
തെരുവ് നായകള്‍ കൂട്ടമായി റോഡുകളിലും പൊതുസ്ഥലങ്ങളിലും അലഞ്ഞുതിരിയുകയും കാല്‍നടയാത്രക്കാരുടെ നേര്‍ക്ക് പാഞ്ഞടുക്കുന്നതും വാഹനങ്ങള്‍ക്ക് കുറുകെ ചാടുന്നതും പതിവായിരിക്കുകയാണ്.
പലരും തലനാരിഴയ്ക്കാണ് അപകടത്തില്‍നിന്നു രക്ഷപ്പെടുന്നത്. കുട്ടികള്‍ക്ക് സുരക്ഷിതമായി സ്കൂളില്‍ പോകാന്‍ പോലും കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്.
സ്ത്രീകള്‍ക്കും വയോജനങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഭയമില്ലാതെ പൊതുനിരത്തുകളിലൂടെ സഞ്ചരിക്കാന്‍ കഴിയാത്ത സാഹചര്യം പഞ്ചായത്തില്‍ നിലനില്‍ക്കുകയാണ്.
ബന്ധപ്പെട്ട വകുപ്പുകളുമായി അടിയന്തരമായി ഏകോപനം നടത്തി തെരുവുനായ ശല്യത്തിന് ശാശ്വതവും ഫലപ്രദവുമായ പരിഹാരം കാണുന്നതിനും പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ആവശ്യമായ നടപടികള്‍ എത്രയും വേഗം സ്വീകരിക്കണമെന്ന് ഡിവൈഎഫ്ഐ പന്മന മേഖല കമ്മിറ്റി ആവശ്യപ്പെട്ടു.
പരാതിയിന്മേല് അടിയന്തര നടപടി സ്വീകരിക്കാതിരുന്നാല്‍ ജനങ്ങളുടെ ജീവനും സുരക്ഷയും സംരക്ഷിക്കുന്നതിനായി ഡിവൈഎഫ്ഐ പന്മന മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ ശക്തമായ ജനകീയ സമരപരിപാടികള്‍ സംഘടിപ്പിക്കേണ്ടിവരുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.