മുംബൈ: രാജ്യത്തെ പുതിയ നിയമങ്ങൾ സമുദായങ്ങളുടെ നിലനിൽപിനെ ബാധിക്കുന്നതാകരുതെന്നും നിയമത്തിന്റെ പഴുതുകൾ ഉപയോഗിച്ച് പൗരസ്വാതന്ത്ര്യം നിഷേധിക്കുന്നത് പരിഷ്കൃത സമൂഹത്തിന് ഭൂഷണമല്ലെന്നും കർദിനാൾ ഡോ. ഓസ്വാൾഡ് ഗ്രേഷ്യസ്.
പൻവേൽ എആർസിയിൽ കത്തോലിക്ക കോൺഗ്രസ് നാഷണൽ കോൺഫറൻസിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു കർദിനാൾ.
ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ സുവിശേഷത്തിന് സാക്ഷ്യം നൽകുന്ന അൽമായരെ നന്ദിയോടെ ഓർക്കുന്നു. സുവിശേഷം പ്രസംഗിക്കുവാനും അപരന് നന്മ ചെയ്യാനും ആരെയും ഭയക്കേണ്ടതില്ല. നമ്മുടെ കടമയാണിത്. ഭയം കൂടാതെ അത് നിർവഹിക്കണമെന്നും കർദിനാൾ ഓർമിപ്പിച്ചു.
പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പിൽ അധ്യക്ഷനായിരുന്നു. ആർച്ച്ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ, ബിഷപ്പുമാരായ മാർ റെമിജിയോസ് ഇഞ്ചനാനിയിൽ, മാർ തോമസ് പാടിയത്ത്, ഡയറക്ടർ ഫാ. ഡോ. ഫിലിപ്പ് കവിയിൽ, ജനറൽ സെക്രട്ടറി ഡോ. ജോസുകുട്ടി ജെ. ഒഴുകയിൽ, ബെന്നി ആന്റണി, മോൺ. സിറിയക് കുമ്പാട്ട്, ട്രീസ ലിസ് സെബാസ്റ്റ്യൻ, രാജീവ് തോമസ് എന്നിവർ പ്രസംഗിച്ചു.
വിവിധ വിഷയങ്ങളിൽ കേന്ദ്ര ന്യൂനപക്ഷ കമ്മിഷൻ അംഗം ഗ്ലെൻ ഇ. സൂസ ടിക്ലോ, അനൂപ് ആന്റണി, ഫാ. വർഗീസ് വള്ളിക്കാട്ട്, ജോർജ് കള്ളിവയലിൽ, അഡ്വ. ബിജു പറയന്നിലം, ഡോൾഫി ഡിസൂസ, സജി വർക്കി, ഷെവ. ഡോ. കെ.എം. ഫ്രാൻസിസ് തുടങ്ങിയവർ പ്രസംഗിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 170 പ്രതിനിധികൾ പങ്കെടുത്തു.