ഡൽഹിയിൽ വിദ്യാർഥികൾ നടത്തുന്ന പ്രതിഷേധത്തിന് പിന്തുണയുമായി നടിയും ബിജെപി നേതാവ് കൃഷ്ണകുമാറിന്റെ മകളുമായ അഹാന കൃഷ്ണ. പ്രതിഷേധത്തെ എതിർത്ത് കൃഷ്ണകുമാർ രംഗത്ത് എത്തിയതിന് പിന്നാലെയാണ് അഹാന പിന്തുണച്ചെത്തിയത് എന്നതും ശ്രദ്ധേയമായി.
കൃഷ്ണകുമാറിന്റെ നിലപാടിന് തികച്ചും ഘടകവിരുദ്ധമായ പ്രതികരണമാണ് അഹാന നടത്തിയത്. സുതാര്യവും നീതിയുക്തവും തങ്ങളുടെ വിശ്വാസത്തിന് അർഹവുമായ ഒരു സംവിധാനം നമ്മുടെ കുട്ടികൾ അർഹിക്കുന്നുണ്ടെന്ന് അഹാന പറയുന്നു.
‘‘തങ്ങളുടെ നിയന്ത്രണത്തിലല്ലാത്ത കാര്യങ്ങൾ കാരണം ഒരു കുട്ടിയുടെ പ്രതീക്ഷകൾ തകർന്നടിയുന്നത് കാണുന്നത് തികച്ചും വേദനാജനകമാണ്. ഓരോ പരീക്ഷയ്ക്ക് പിന്നിലും നമ്മൾ എപ്പോഴും കാണാത്ത ഒരു കഥയുണ്ട് - വർഷങ്ങളുടെ തയാറെടുപ്പുകൾ, ത്യാഗങ്ങൾ, കഠിനാധ്വാനം നമ്മെ എവിടെയെങ്കിലും എത്തിക്കുമെന്ന ഉറച്ച വിശ്വാസം. ഓരോ വാർത്താ തലക്കെട്ടുകൾക്ക് പിന്നിലും നിഷ്കളങ്കമായ സ്വപ്നങ്ങളുള്ള കുറച്ച് ചെറുപ്പക്കാരും, അവരുടെ മികച്ചൊരു ഭാവിപ്രതീക്ഷിച്ചു കഴിയുന്ന കുടുംബങ്ങളുമുണ്ട്.
വർഷങ്ങളോളം പരീക്ഷയ്ക്കായി തയാറെടുത്തിട്ട്, പരീക്ഷയുടെ തലേദിവസം അത് റദ്ദാക്കപ്പെട്ടപ്പോൾ തളർന്നുപോയ സുഹൃത്തുക്കളെ ഞാൻ വളരെ അടുത്തറിഞ്ഞിട്ടുണ്ട്. അത് എത്രത്തോളം ദാരുണമാണെന്നും, അത് അവരുടെ പ്ലാനുകളെ മാത്രമല്ല, നീതിയെക്കുറിച്ചുള്ള അവരുടെ സങ്കൽപ്പങ്ങളെത്തന്നെ എങ്ങനെയൊക്കെയാണ് തകർത്തു കളയുന്നതെന്നും ഞാൻ കണ്ടിട്ടുണ്ട്.
എല്ലാവർക്കും ഇത് ഒരുപോലെയല്ല. സാമ്പത്തിക ഭദ്രതയുള്ള ഒരു കുടുംബത്തിലെ കുട്ടിയെ സംബന്ധിച്ച് തിരിച്ചടികൾ കേവലം ഒരു തിരിച്ചടി മാത്രമായിരിക്കാം. എന്നാൽ വളരെ പരിമിതമായ സാഹചര്യങ്ങളിൽ ജീവിക്കുന്ന ഒരു കുടുംബത്തിലെ കുട്ടിയെ സംബന്ധിച്ച്, അവരുടെ ജീവിതം തന്നെ മാറ്റിമറിക്കാൻ സാധിക്കുമെന്ന് വിശ്വസിക്കുന്ന ഒരേയൊരു വഴിയാണ് വിദ്യാഭ്യാസം. ആ വിശ്വാസം തകരുമ്പോൾ, അവിടെ നഷ്ടപ്പെടുന്നത് വെറുമൊരു പരീക്ഷ മാത്രമല്ല... ഒരു കുടുംബത്തിന്റെ പ്രതീക്ഷകൾ കൂടിയാണ്.
ഇത്തരം വീഴ്ചകൾക്ക് ഉത്തരവാദികളായവർ ആരായാലും, യാതൊരു ഇളവുകളുമില്ലാതെ അവർ വിചാരണ ചെയ്യപ്പെടുകയും ശിക്ഷിക്കപ്പെടുകയും വേണം.
സുതാര്യവും നീതിയുക്തവും തങ്ങളുടെ വിശ്വാസത്തിന് അർഹവുമായ ഒരു സംവിധാനം നമ്മുടെ കുട്ടികൾ അർഹിക്കുന്നുണ്ട്. ഒരു കുട്ടിക്കും ഇനി ഇത്തരം ഭാരങ്ങൾ പേറേണ്ടി വരില്ലെന്ന് ഞാൻ ആത്മാർഥമായി ആഗ്രഹിക്കുന്നു... ഒരിക്കൽ നൽകിയ പ്രതീക്ഷകൾ ഇത്ര എളുപ്പത്തിൽ ഇല്ലാതാകാതിരിക്കുന്ന ഒരു നാളേക്ക് വേണ്ടി.’’– അഹാന കൃഷ്ണ കുറിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം പങ്കുവെച്ചുകൊണ്ട് ‘കശ്മീരിലെ കല്ലേറ് നിർത്താൻ അറിയാമെങ്കിൽ... പിന്നെയാ ഡൽഹി...’ എന്നായിരുന്നു കൃഷ്ണകുമാർ കുറിച്ചത്. ഇതിനെതിരെ വ്യാപകവിമർശനമാണ് ഉയരുന്നത്.