തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീണ്ടും സ്വർണം തട്ടിയെടുത്തതായി പരാതി. ദുബായിൽ നിന്ന് എത്തിയ തിരുവനന്തപുരം സ്വദേശികളായ ദമ്പതികളിൽ നിന്നാണ് ഏകദേശം എട്ട് ലക്ഷം രൂപ വിലവരുന്ന സ്വർണാഭരണങ്ങൾ കവർന്നതെന്നാണ് പരാതി.
സുഹൃത്ത് മുഖേന പരിചയപ്പെട്ട ഒരാളാണ് ദമ്പതികളെ സ്വർണം തിരുവനന്തപുരത്ത് എത്തിക്കാൻ സമീപിച്ചതെന്നാണ് വിവരം. സ്വർണം കൊണ്ടുവരുന്നതിന് ഒരു ലക്ഷം രൂപയും വിമാന ടിക്കറ്റും വാഗ്ദാനം ചെയ്തിരുന്നു. വിമാനത്താവളത്തിൽ മെഹറൂഫ് എന്നയാൾ സ്വർണം ഏറ്റുവാങ്ങുമെന്നായിരുന്നു ദമ്പതികളോട് പറഞ്ഞിരുന്നത്.
എന്നാൽ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയപ്പോൾ മെഹറൂഫ് എന്ന പേരിൽ മറ്റൊരാൾ ദമ്പതികളെ സമീപിക്കുകയായിരുന്നു. തുടർന്ന് സംഘം ദമ്പതികളെ കാറിൽ കയറ്റി കൊണ്ടുപോയി സ്വർണം കവർന്നെന്നാണ് ആരോപണം. പിന്നീട് ഇരുവരെയും ചേർത്തലയിൽ ഇറക്കിവിട്ടതായും പരാതിയിലുണ്ട്.
സ്വർണം നഷ്ടപ്പെട്ട യഥാർഥ സംഘം പിന്നീട് ദമ്പതികളുടെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു. ഇതിന് പിന്നാലെയാണ് ദമ്പതികൾ വലിയതുറ പൊലിസിൽ പരാതി നൽകിയത്. ദമ്പതികളെ തട്ടിക്കൊണ്ടുപോയെന്ന പരാതിയിൽ വലിയതുറ പൊലിസ് കേസെടുത്തു. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി പൊലിസ് അറിയിച്ചു.