ന്യൂഡൽഹി: ഭാരതത്തിന്റെ പ്രമുഖ വിദേശനയ സംവാദമായ 'റെയ്സീന ഡയലോഗിൽ' മുഖ്യാതിഥിയായി പങ്കെടുക്കാൻ എത്തിയ ഫിൻലൻഡ് പ്രസിഡന്റ് അലക്സാണ്ടർ സ്റ്റബ്ബിന് ഉജ്ജ്വല സ്വീകരണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രസിഡന്റ് സ്റ്റബ്ബും തമ്മിലുള്ള നിർണായകമായ ഉഭയകക്ഷി ചർച്ചകൾ ന്യൂഡൽഹിയിൽ ആരംഭിച്ചു. വിവിധ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തമാക്കുന്നതിനെക്കുറിച്ച് ഇരുനേതാക്കളും വിശദമായ ചർച്ചകൾ നടത്തി.
ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാറിന് ശേഷമുള്ള വ്യാപാര സാധ്യതകൾ ചർച്ചകളിൽ പ്രധാന വിഷയമായി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സെമികണ്ടക്ടറുകൾ, ബഹിരാകാശം, പ്രതിരോധം, സാങ്കേതികവിദ്യ തുടങ്ങിയ നൂതന മേഖലകളിൽ ഒന്നിച്ചു പ്രവർത്തിക്കാൻ ധാരണയായി. ഇൻഫ്രാസ്ട്രക്ചർ, വിദ്യാഭ്യാസം എന്നീ മേഖലകളിലെ നിക്ഷേപ സാധ്യതകളും ചർച്ചകളിൽ ഇടംപിടിച്ചു.
വിശ്വസനീയമായ സാങ്കേതികവിദ്യ ഉറപ്പാക്കുന്നതിനും ആഗോളതലത്തിൽ കരുത്തുറ്റ സപ്ലൈ ചെയിനുകൾ കെട്ടിപ്പടുക്കുന്നതിനും ഇരുരാജ്യങ്ങളും സഹകരിക്കും. മൈഗ്രേഷൻ ആന്‍ഡ് മൊബിലിറ്റി കരാർ ഇരുരാജ്യങ്ങൾക്കുമിടയിലുള്ള ജനങ്ങളുടെ സുഗമമായ യാത്രയ്ക്കും തൊഴിൽ സാധ്യതകൾക്കും കരുത്തേകും.ആർട്ടിക്, പോളാർ ഗവേഷണ മേഖലകളിൽ സഹകരണം വിപുലീകരിക്കാനും തീരുമാനമായി.
ഫിൻലാൻഡ് പ്രസിഡന്റിന്റെ സന്ദർശനം ഇന്ത്യയും ഫിൻലൻഡും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ പുതിയൊരു അധ്യായം കുറിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രത്യാശ പ്രകടിപ്പിച്ചു.