ചിറ്റാരിക്കാൽ: ഗോക്കടവ് അങ്കണവാടിക്കു വേണ്ടി കാസർഗോഡ് വികസന പാക്കേജിൽ നിന്നുള്ള സാമ്പത്തിക സഹായവും പഞ്ചായത്ത് വിഹിതവും ചേർത്ത് നിർമിച്ച പുതിയ കെട്ടിടം സന്ദീപ് വാര്യർ എംഎൽഎ ഉദ്ഘാടനം ചെയ്തു.
രണ്ടു പതിറ്റാണ്ടിലേറെയായി ഗോക്കടവ് ഉദയ ക്ലബിന്റെ കെട്ടിടത്തിൽ പ്രവർത്തിക്കുകയായിരുന്ന അങ്കണവാടിക്ക് പുതിയ കെട്ടിടം നിർമിക്കുന്നതിനായി ക്ലബ് തന്നെ രണ്ടു സെന്റ് സ്ഥലം പഞ്ചായത്തിന് കൈമാറിയിരുന്നു. കെട്ടിടം പണിയാൻ ആ സ്ഥലം മതിയാകാതെ വന്ന സാഹചര്യത്തിൽ ക്ലബിന്റെ ആഭിമുഖ്യത്തിൽ വീണ്ടും മൂന്നു സെന്റ് സ്ഥലം വിലകൊടുത്തു വാങ്ങി പഞ്ചായത്തിന് കൈമാറി.
ഇതിനു പകരമായി അന്ന് പഞ്ചായത്ത് പ്രസിഡന്റും വാർഡ് മെംബറുമായിരുന്ന ജോസഫ് മുത്തോലി സ്വന്തം നിലയിൽ അഞ്ചരലക്ഷം രൂപ മുടക്കി മറ്റൊരു സ്ഥലം വാങ്ങി ക്ലബിന് നൽകുകയായിരുന്നു. ക്ലബിൽ നിന്ന് കൈമാറിക്കിട്ടിയ അഞ്ചു സെന്റും നേരത്തേ പഞ്ചായത്ത് സ്വന്തം നിലയിൽ വാങ്ങിയ രണ്ടു സെന്റുമായി ആകെ ഏഴു സെന്റ് സ്ഥലത്താണ് പുതിയ കെട്ടിടം നിർമിച്ചത്.
ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി മാണി അധ്യക്ഷത വഹിച്ചു. സ്ഥലം ലഭ്യമാക്കാൻ സ്വന്തം കൈയിൽനിന്ന് പണം മുടക്കിയ ജോസഫ് മുത്തോലിയെ സന്ദീപ് വാര്യർ എംഎൽഎ ആദരിച്ചു.
കാസർഗോഡ് വികസന പാക്കേജ് സ്പെഷ്യൽ ഓഫീസർ വി. ചന്ദ്രൻ, ജില്ലാ നിർമിതി കേന്ദ്രം ജനറൽ മാനേജർ ഇ.പി. രാജ്മോഹനൻ, പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ ഡൊമിനിക് കോയിത്തുരുത്തേൽ, ശിശുവികസന പ്രോജക്ട് ഓഫീസർ സി.ടി. രാജശ്രീ, ജോർജ് കരിമഠം, പി.കെ. മോഹനൻ, രാമചന്ദ്രൻ കുത്തൂർ, ജോണി താന്നിക്കൽ, മൈക്കൾ ഇടമുള, ശരണ്യ വേണു എന്നിവർ പ്രസംഗിച്ചു.