തിരുവനന്തപുരം: ചൂട് കാലാവസ്ഥ മാറുന്നതുവരെ കുട്ടികളെ നിർബന്ധിപ്പിച്ച് അങ്കണവാടികളിൽ വരുത്തേണ്ടതില്ലെന്ന് ബാലാവകാശ കമ്മീഷൻ ഉത്തരവ്. വരാതിരിക്കുന്ന കുട്ടികൾക്ക്, അർഹമായ പോഷകാഹാരങ്ങൾ അവരുടെ വീട്ടിൽ എത്തിക്കണം. കമ്മീഷൻ ചെയർപേഴ്സൺ കെ. വി. മനോജ്കുമാർ അംഗങ്ങളായ ഷാജേഷ് ഭാസ്കർ, സിസിലി ജോസഫ് എന്നിവരുടെ ഫുൾബഞ്ചിന്റേതാണ് ഉത്തരവ്.
കൃത്യമായ വായു സഞ്ചാരമില്ലാത്തതും ടിൻഷീറ്റ് മേൽക്കൂരയുള്ളതും സൗകര്യങ്ങൾ കുറവുള്ളതുമായ അങ്കണവാടികൾ പ്രവർത്തിക്കുന്നില്ല എന്ന് വനിതാ ശിശുവികസന വകുപ്പ് ഡയറക്ടർ ഉറപ്പുവരുത്തണം. പകൽ 11 മുതൽ മൂന്ന് വരെ കുട്ടികളെ പുറത്ത് കളിക്കാൻ വിടാതെ കളികൾ രാവിലെയോ വൈകുന്നേരമോ മാത്രമായി നിജപ്പെടുത്തണം.
സംസ്ഥാനത്തെ എല്ലാ അങ്കണവാടികളിലും ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കി ഇടക്കിടെ കുട്ടികൾ വെള്ളം കുടിക്കുന്നുണ്ടെന്ന് അധികൃതർ ഉറപ്പുവരുത്തണം. മതിയായ ഭക്ഷണം ശുചിത്വ സൗകര്യങ്ങൾ, സുരക്ഷിതത്വം എന്നിവ ഉറപ്പുവരുത്തണം. കുഞ്ഞുങ്ങൾക്ക് ചൂട് താങ്ങാവുന്ന അവസ്ഥയല്ലെന്നും കാലാവസ്ഥ മാറുന്നതു വരെ അങ്കണവാടികൾക്ക് അവധി നൽകണമെന്നും മറ്റുമുള്ള പരാതികൾ കമ്മീഷൻ പരിഗണിച്ചാണ് ഉത്തരവ്.