ബോളിവുഡിലെ കഴിഞ്ഞ വർഷത്തെ സൂപ്പർഹിറ്റ് ചിത്രമായി മാറിയിരിക്കുകയാണ് രൺവീർ സിംഗ് നായകനാക്കി ആദിത്യ ധർ സംവിധാനം ചെയ്ത ധുരന്ധർ. ഇപ്പോഴിതാ ചിത്രത്തിലെ രണ്ടു രംഗങ്ങളോട് തനിക്ക് വിയോജിപ്പുണ്ടെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ അനുരാഗ് കശ്യപ്.
നടന്മാരായ മാധവനും രൺവീറും പറയുന്ന ഓരോ ഡയലോഗുകളിലാണ് അനുരാഗ് തന്റെ വിയോജിപ്പ് പ്രകടിപ്പിച്ചത്. അതേസമയം, സാങ്കേതികമായി മികച്ചുനിൽക്കുന്ന ചിത്രമാണ് ധുരന്ധറെന്നും അദ്ദേഹം കുറിച്ചു.
രാജ്യത്തോട് വെറുപ്പും അമർഷവും ഇല്ലെങ്കിൽ ഒരു ചാരന് ചാരനാവില്ല. അതുപോലെ, ശത്രു രാജ്യത്തോട് അമർഷം ഇല്ലെങ്കിൽ ഒരു സൈനികനും സൈനികനാവാനും ആകില്ല. ഈ രണ്ട് കാര്യങ്ങളോട് എനിക്ക് യാതൊരു പ്രശ്നവുമില്ല.
എന്നാൽ, രണ്ട് രംഗങ്ങളോട് എനിക്ക് വിയോജിപ്പുണ്ട്. ഒന്ന് രാജ്യത്തെക്കുറിച്ച് ചിന്തിക്കുന്ന സർക്കാർ ഒരുകാലത്ത് വരുമെന്ന മാധവന്റെ ഡയലോഗ്. മറ്റൊന്ന് ഇത് പുതിയ ഇന്ത്യയാണെന്ന് രൺവീറിന്റെ ഡയലോഗ്. ഈ രണ്ട് സന്ദർഭങ്ങളും മാറ്റി നിർത്തിയാൽ ധുരന്ധർ ഒരു നല്ല സിനിമയാണ്'.
ചിത്രത്തിന്റെ സംവിധായകൻ ആദിത്യ ധറിനേയും അനുരാഗ് പ്രശംസിച്ചു. അംഗീകരിച്ചാലും ഇല്ലെങ്കിലും അദ്ദേഹം സത്യസന്ധനാണ്. മറ്റ് പലരേയും പോലെ അവസരവാദിയല്ല. അദ്ദേഹത്തിന്റെ സിനിമകൾ കശ്മീരിനെക്കുറിച്ചാണ്. പല അനുഭവങ്ങളിലൂടെയും കടന്നുപോയ ഒരു കശ്മീരി പണ്ഡിറ്റാണ് അദ്ദേഹം.
ഒരു സംവിധായകനെന്ന നിലയിൽ ചിത്രത്തിന്റെ രാഷ്ട്രീയത്തെക്കുറിച്ച് വാദിക്കണമെങ്കിൽ നേരിട്ട് ആദിത്യ ധറിനെ വിളിക്കും അനുരാഗ് കശ്യപ് കൂട്ടിച്ചേർത്തു.
അതേസമയം, ചിത്രം ആഗോള കളക്ഷനിൽ 1,100 കോടി പിന്നിട്ടതായി നിർമാതാക്കളായ ജിയോ സ്റ്റുഡിയോസ് കഴിഞ്ഞദിവസം അറിയിച്ചിരുന്നു. 1999-ലെ കാണ്ഡഹാർ വിമാനറാഞ്ചൽ, 2001-ലെ പാർലമെന്റ് ഭീകരാക്രമണം, 2008-ലെ മുംബൈ ഭീകരാക്രമണം എന്നീ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രം.