കോൽക്കത്ത: മൂന്നു ദിവസത്തെ ഇന്ത്യാ സന്ദർശനത്തിനായി അർജന്റീന സൂപ്പർ താരം ലയണൽ മെസി കോൽക്കത്തയിലെത്തി. ശനിയാഴ്ച പുലർച്ചെ രണ്ടിന് കോൽക്കത്ത നേതാജി സുഭാഷ് ചന്ദ്രബോസ് വിമാനത്താവളത്തിൽ എത്തിയ മെസിയെ സ്വീകരിക്കാൻ നിരവധി ആരാധകർ എത്തിയിരുന്നു.
വിമാനമിറങ്ങിയ മെസിയെ വൻ സുരക്ഷയിലാണ് താമസകേന്ദ്രത്തിലേക്ക് കൊണ്ടുപോയത്. അർജന്റീന താരം റോഡ്രിഗോ ഡി പോൾ, യുറഗ്വായുടെ ലൂയി സ്വാരെസും മെസിക്കൊപ്പമുണ്ട്. ഗോട്ട് ഇന്ത്യ ടൂർ 2025 പരിപാടിയുടെ ഭാഗമായാണ് മെസി ഇന്ത്യയിലെത്തിയത്.
ശനിയാഴ്ച രാവിലെ ആരാധകരുമായുള്ള മുഖാമുഖത്തോടെയാണ് ഇന്ത്യയിലെ പരിപാടികൾക്കു തുടക്കം കുറിക്കുക. കോൽക്കത്ത ശ്രീഭൂമി സ്പോർടിംഗ് ക്ലബ് നിർമിച്ച 70 അടി ഉയരമുള്ള മെസി പ്രതിമ വെർച്വലായി അദ്ദേഹം അനാവരണം ചെയ്യും.
ഉച്ചകഴിഞ്ഞ് ഹൈദാരാബാദിലേക്കു പോകുന്ന മെസി അവിടെ പ്രദർശന മത്സരം കളിക്കും. നാളെ മുംബൈയിലെ പരിപാടികൾക്കു ശേഷം 15ന് ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും.