ഡെൻവർ: ലോകപ്രശസ്ത ബോഡിബിൽഡറും ഹോളിവുഡ് താരവുമായ അർനോൾഡ് ഷ്വാർസനേഗറുടെ മകൻ ജോസഫ് ബയന തന്റെ ആദ്യ ബോഡിബിൽഡിംഗ് മത്സരത്തിൽ തന്നെ വൻ നേട്ടം കൈവരിച്ചു.
ഡെൻവറിൽ നടന്ന വാരാന്ത്യ എൻ.പി.സി നാച്ചുറൽ കൊളറാഡോ സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിലാണ് 28 വയസുകാരനായ ബയന മൂന്ന് സ്വർണ മെഡലുകൾ സ്വന്തമാക്കിയത്.
ഓപ്പൺ ഹെവിവെയ്റ്റ് ബോഡിബിൽഡിംഗ്, ക്ലാസിക് ഫിസിക് ട്രൂ നോവിസ്, ക്ലാസിക് ഫിസിക് നോവിസ് എന്നീ വിഭാഗങ്ങളിലാണ് ബയന ഒന്നാം സ്ഥാനം നേടിയത്. ക്ലാസിക് ഫിസിക് ഓപ്പൺ ക്ലാസ് സി വിഭാഗത്തിൽ വെള്ളി മെഡലും താരം സ്വന്തമാക്കി.
മത്സരത്തിന് മുന്നോടിയായി കലിഫോർണിയയിലെ പ്രശസ്തമായ ‘ഗോൾഡ്സ് ജിമ്മിൽ’ വെച്ച് അർനോൾഡ് ഷ്വാർസനേഗർ തന്നെ നേരിട്ടെത്തി മകന് പരിശീലനം നൽകിയിരുന്നു. ദൗത്യം പൂർത്തിയായി എന്ന് താരം മെഡലുകൾക്കൊപ്പം ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
അർനോൾഡിന് തന്റെ മുൻ വീട്ടുജോലിക്കാരിയായ മിൽഡ്രഡ് പാട്രിഷ്യ ബയനയിലുണ്ടായ മകനാണ് ജോസഫ്. വർഷങ്ങളോളം രഹസ്യമായിരുന്ന ഈ ബന്ധം പിന്നീട് പുറത്തുവരികയും, അർനോൾഡ് മകനെ പരസ്യമായി അംഗീകരിക്കുകയും ചെയ്തിരുന്നു.