കുറുപ്പന്തറ: വീ ക്യാന്‍ സര്‍വീസ് ആന്‍ഡ് ചാരിറ്റബിള്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ നടക്കുന്ന ഓമല്ലൂര്‍ ഫുഡ് ഫെസ്റ്റിന് വിപുലമായ ക്രമീകരണങ്ങളാണ് ഫൗണ്ടേഷന് ഭാരവാഹികളും പ്രദേശവാസികളും ഒരിക്കിയിരിക്കുന്നത്. ഇന്നു രാവിലെ പത്തിന് ഫെസ്റ്റ് വിളിച്ചറിയിച്ച് ഒട്ടകവിളംബരം നടക്കും. എല്ലാ ദിവസവും ഒട്ടകസവാരിക്കുള്ള ക്രമീകരണവും ഫെസ്റ്റില്‍ ഒരുക്കിയിട്ടുണ്ട്.
ഫെസ്റ്റ് നഗറില്‍ വരുന്നവര്‍ക്കു സെല്‍ഫി കോണ്ടസ്റ്റും വിജയികളാവുന്ന 10 പേര്‍ക്കു ദിവസവും ഹൈറേഞ്ച് പിക്കിള്‍സ് വക സമ്മാനങ്ങളും ഉണ്ടാവും. നറുക്കിട്ടെടുക്കുന്ന 10 പേര്‍ക്ക് ദിവസവും ജെആര്‍ ഗ്ലോബല്‍ ഫാഷന്‍സ് വക സമ്മാനങ്ങളും ലഭിക്കും. കൂടാതെ ഫെസ്റ്റിലെത്തുന്നവരെ സ്വീകരിക്കാനും ചിരിപ്പിക്കാനും വിവിധ കലാരൂപങ്ങളും ഫെസ്റ്റില്‍ സജ്ജമാക്കിയിട്ടുണ്ട്.
ഓമല്ലൂര്‍ കനാല്‍ പ്രദേശമാകെ ഫെസ്റ്റിനോടുനുബന്ധിച്ചു ദീപാലംകൃതമാണ്. ഒരു ഗ്രാമത്തിന്റെ ഉയര്‍ച്ചയ്ക്കായി ത്രിതല പഞ്ചായത്തുകള്‍, സര്‍ക്കാര്‍ സംവിധാനങ്ങള്‍ എന്നിവയെ കൂട്ടിയോജിപ്പിച്ചു മുന്നോട്ടുപോകുന്ന ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങള്‍ ഏവര്‍ക്കും മാതൃകയാണ്. ത്രിതല പഞ്ചായത്തുകളുടെ സഹകരണത്തോടെ പ്രദേശത്ത് കിഡ്സ് പാര്‍ക്ക്, ഓപ്പണ്‍ ജിം, നടപ്പാത എന്നിവയുടെ പണികളെല്ലാം പൂര്‍ത്തിയാക്കി. ദിവസവും വൈകുന്നേരം സ്ത്രീകളും കുട്ടികളുമടങ്ങുന്ന വലിയൊരു സമൂഹം ഓമല്ലൂര്‍ കനാല്‍ പ്രദേശത്ത് എത്തുകയും ഇവയെല്ലാം ആസ്വദിക്കുകയും ചെയ്യുന്നു.
വേനല്‍ക്കാലത്ത് കുട്ടികള്‍ക്ക് കളിക്കാനും ഉല്ലസിക്കാനുമായി നാലു ചെറുവള്ളങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്. ഫെസ്റ്റ് ദിവസങ്ങളില്‍ ദിവസവും രുചികരമായ ഭക്ഷണ-പാനീയങ്ങള്‍, ടെലിവിഷന്‍ താരങ്ങള്‍ അണിനിരക്കുന്ന കലാസന്ധ്യകള്‍ എന്നിവയെല്ലാം സംഘടിപ്പിച്ചിട്ടുണ്ട്. ഇന്നു മുതല്‍ ഞായറാഴ്ച വരെ വൈകുന്നേരം അഞ്ചു മുതല്‍ ഒമ്പതു വരെയാണ് ഫെസ്റ്റ്.