അർത്തുങ്കൽ സെന്റ് ആൻഡ്രൂസ് ബസിലിക്കയിലെ വിശുദ്ധ സെബസ്ത്യാനോസിന്റെ മകരം തിരുനാൾ ആഘോഷങ്ങളുടെ ഭാഗമായി ഇന്ന് സാംസ്കാരികദിനമായി ആചരിക്കും. ഇതോടൊപ്പം ഇടവകദിനമായും ബിസിസി സംഗമവുമായും ആഘോഷിക്കും. തീരദേശത്തെ വിശ്വാസികളുടെ ആത്മീയവും സാംസ്കാരികവുമായ ഒത്തുചേരലിന് സാക്ഷ്യം വഹിക്കും. പുലർച്ചെ 5.30ന് ദിവ്യബലിയോടും നൊവേനയോടും കൂടി തിരുനാൾ കർമങ്ങൾ ആരംഭിക്കും. 6.45ന് പ്രഭാത പ്രാർഥനയും ദിവ്യബലിയും 10.30ന് നൊവേനയും ലിറ്റനിയും നടക്കും. 11ന് നടക്കുന്ന ദിവ്യബലിക്ക് അമ്പലപ്പുഴ ഒസിഡി സെമിനാരിയിലെ ഫാ. സുനിൽ മാർട്ടിൻ മുഖ്യകാർമികത്വം വഹിക്കും.
വൈകുന്നേരം അഞ്ചിനു ജപമാലയും നൊവേനയെയും തുടർന്ന് ആറിനു വിശേഷാൽ ദിവ്യബലി നടക്കും. ഫാ. ജോൺസൺ പുത്തൻവീട്ടിൽ മുഖ്യകാര്‍മികത്വം വഹിക്കും. ഫാ. ജോസഫ് ഡൊമിനിക് വട്ടത്തിൽ വചനപ്രഘോഷണം നടത്തും. സെക്യൂർ സംഘടനയിലെ സഹോദരങ്ങളാണ് ഇന്നത്തെ ശുശ്രൂഷാക്രമീകരണങ്ങൾക്കു നേതൃത്വം നൽകുന്നത്.
രാത്രി 7.30ന് ഈശ്വര പ്രാർഥനയോടെ കലാസന്ധ്യ ആരംഭിക്കും. കെആർഎൽസിസി ബിസിസി കമ്മീഷൻ സെക്രട്ടറി ഫാ. ജോൺസൺ പുത്തൻവീട്ടിൽ കലാസന്ധ്യയിൽ മുഖ്യാതിഥിയായിരിക്കും. തുടർന്ന് ബിസിസിയുടെ എ,ബി വാർഡുകൾ അവതരിപ്പിക്കുന്ന വൈവിധ്യമാർന്ന കലാപരിപാടികൾ അരങ്ങേറും.