തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ പരിശോധനയ്ക്കെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ ഹർജി പരിഗണിക്കുന്നത് 14ലേക്ക് മാറ്റി. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഹർജി പരിഗണിക്കുന്നത് മാറ്റിയത്.
സിപിഎം പാളയം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഐ.പി. ബിനുവും ഒന്നാം പ്രതി നിധിൻ രാജും ഉൾപ്പെടെയുള്ളവരുടെ ജാമ്യം റദ്ദാക്കണമെന്നാണ് പ്രോസിക്യൂഷന്റെ പ്രധാന ആവശ്യം. ജാമ്യവ്യവസ്ഥയുടെ ഭാഗമായി മ്യൂസിയം പൊലിസ് സ്റ്റേഷനിൽ ഒപ്പിടാനെത്തിയ പ്രതികൾ അവിടെ നടന്ന ഓണാഘോഷത്തിൽ പങ്കെടുക്കുകയും പൊലിസുകാർക്കൊപ്പം ഊഞ്ഞാലാടുകയും ചെണ്ടകൊട്ടുകയും ചെയ്ത ദൃശ്യങ്ങൾ റീൽസാക്കി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.
ഈ നടപടി കേസിലെ സാക്ഷികളെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും ഇടയാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രോസിക്യൂഷൻ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. കേസിലെ 17, 18 പ്രതികളായ വൈശാഖ്, അമൽ, ഐ.പി. ബിനു എന്നിവരുടെ ഫോണുകൾ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കുന്നതിനായി അവരുടെ സാന്നിധ്യം ആവശ്യപ്പെട്ടുള്ള പ്രോസിക്യൂഷൻ ഹർജിയും 14ന് കോടതി വീണ്ടും പരിഗണിക്കും.