ഭുവനേശ്വർ: ഒഡിഷയിലെ ക്യോൻജരിൽ മരിച്ചുപോയ സഹോദരിയുടെ അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കാനായി വയോധികൻ ബാങ്കിൽ അസ്ഥികൂടം ഹാജരാകി. ജീതു മുണ്ട എന്ന ആദിവാസി വയോധികനാണ് പണം പിൻവലിക്കാനായി സഹോദരി കൽറ മുണ്ടയുടെ അസ്ഥികൂടമായി ബാങ്കിൽ എത്തിയത്.
ജനുവരി 26 ന് മരണമടഞ്ഞ കൽറക്ക് പട്ടാനയിലെ മാലിപോസിയിലുള്ള ഗ്രാമീൺ ബാങ്ക് ശാഖയിൽ അക്കൗണ്ടുണ്ടായിരുന്നു. കൽറയുടെ മരണ ശേഷം അക്കൗണ്ടിൽ ഉണ്ടായിരുന്ന ബാക്കി തുകയായ 19,300 പിൻവലിക്കാൻ ജീതു ബാങ്കിനെ സമീപിക്കുകയായിരുന്നു. എന്നാൽ പണം പിൻവലിക്കാൻ ഉടമ നേരിട്ടെത്തണമെന്ന് ബാങ്ക് അധികൃതർ ആവശ്യപ്പെട്ടു.
സഹോദരി മരിച്ചെന്ന് ജീതു പലതവണ പറഞ്ഞിട്ടും അധികൃതർ കേൾക്കാൻ തയാറാകാത്തതിനെ തുടർന്നാണ് കുഴിമാടത്തിൽ നിന്ന് അസ്ഥികൂടം കുഴിച്ചെടുത്ത് ബാങ്കിൽ തെളിവിനായി കൊണ്ടുവന്നത്.
അതേസമയം, പണം പിൻവലിക്കാനുള്ള വ്യവസ്ഥകളെക്കുറിച്ചും നോമിനിയെക്കുറിച്ചും ജീതുവിനെ പറഞ്ഞു മനസിലാക്കാൻ ബാങ്ക് അധികൃതർ ശ്രമിച്ചിട്ടും അതിന് സാധിച്ചില്ലെന്ന് പട്ടാന പോലീസ് ഇൻസ്പെക്ടർ കിരൺ പ്രസാദ് സാഹു പറഞ്ഞു. കൽറയുടെ നോമിനിയും മരിച്ചുപോയ സാഹചര്യത്തിൽ, ഏക അവകാശി എന്ന നിലയിൽ ജീതുവിന് പണം കൈമാറാനുള്ള നടപടികൾ ബാങ്കുമായി ബന്ധപ്പെട്ട് സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.