ബെര്‍ലിന്‍: ഇതിഹാസ നടൻ മോഹന്‍ലാല്‍ ജര്‍മനിയിലേക്ക് എത്തുന്നു. ജര്‍മനിയിലെ ഓബര്‍ഹൗസന്‍ റുഡോള്‍ഫ് വേബര്‍ അറീനയിലാണ് വെള്ളിയാഴ്ച (ജൂണ്‍ 26) മെഗാ ഷോ "ബിയോണ്ട് ദ സ്ക്രീന്‍' അരങ്ങേറുന്നത്.
സംഗീതം, നൃത്തം, സിനിമാറ്റിക് അവതരണങ്ങള്‍ എന്നിവയുടെ സമന്വയത്തോടെ ഒരു ഭംഗിയാര്‍ന്ന ഇന്ത്യന്‍ സ്റ്റാര്‍ നൈറ്റ് ഷോ ആയിരിക്കും ബിയോണ്ട് ദ സ്ക്രീന്‍. പ്രശസ്ത ഗായിക കെ.എസ്. ചിത്രയും ഈ വേദിയില്‍ പങ്കുചേരും.
ഇവര്‍ക്കൊപ്പം ഇന്ത്യയില്‍ നിന്നും വിവിധ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുമുള്ള അഞ്ഞൂറിലധികം നര്‍ത്തകരും വേദിയില്‍ അണിനിരക്കും.
ധ്യാന്‍ ശ്രീനിവാസന്, കലാഭവന്‍ ഷാജോണ്‍, ഷൈന്‍ ടോം ചാക്കോ, റംസാന്, സ്വാസിക, സാനിയ ഇയ്യപ്പന്‍ എന്നിവരും സംഗീതജ്ഞരായ വിധു പ്രതാപ്, മനോജ് ജോര്‍ജ്ജ്, അഞ്ജു ജോസഫ്, അനൂപ് കോവളം എന്നിവരടങ്ങുന്ന വന്‍ താരനിരയും അണിനിരക്കും.
സിഎഫ്സി ഗ്രൂപ്പ് ഒരുക്കുന്ന ഈ ദൃശ്യവിരുന്ന് വെറുമൊരു സ്റേറജ് ഷോ അല്ലെന്നും യൂറോപ്പിലെമ്പാടുമുള്ള മലയാളി മനസുകളെ ആവേശത്തിലാഴ്ത്തുന്ന ഒരു ചരിത്ര നിമിഷമാണെന്നും സംഘാടകർ അറിയിച്ചു.
പരിപാടിയുടെ ടിക്കറ്റ് വില്‍പ്പന അതിവേഗം പുരോഗമിക്കുകയാണ്. ടിക്കറ്റുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്ത് ഈ ദൃശ്യവിരുന്നിന്റെ ഭാഗമാകാന്‍ എല്ലാ പ്രവാസി കലാപ്രേമികളെയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.
13,000 പേര്‍ക്ക് ഇരിക്കാവുന്ന ഈ ഭീമന് വേദിയില്‍ നടക്കുന്ന ഏറ്റവും വലിയ ഇന്ത്യന്‍ സ്റ്റാര്‍ നൈറ്റാണിത്. പരിപാടിയുടെ ടിക്കറ്റുകളുടെ ബുക്കിംഗ് ഏപ്രില്‍ 15ന് ആരംഭിച്ചിരുന്നു.
https://www.lokahfilms.com/events/cfcgroupmohanlalliveingermany/
വഴി ടിക്കറ്റുകള്‍ ഇപ്പോള്‍ത്തന്നെ സ്വന്തമാക്കാവുന്നതാണ്.