കൊല്ലം: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധം. കൊല്ലം ആശ്രാമം മൈതാനത്തുണ്ടായ സംഭവത്തിൽ പൊലിസ് കേസെടുത്തു. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് ബിനു ചുള്ളിയിലിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
തുടർന്ന് പൊലിസ് ഇടപെട്ട് പ്രതിഷേധക്കാരെ സ്ഥലത്തുനിന്ന് നീക്കി. ഇതിനുപിന്നാലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ബിജെപി പ്രവർത്തകർ കൈയേറ്റം ചെയ്യാൻ ശ്രമിച്ചതായും ആരോപണമുണ്ട്. കുണ്ടറയിൽ നടക്കുന്ന സഹകരണ സംരംഭങ്ങളുടെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാനാണ് അമിത് ഷാ കൊല്ലത്തെത്തിയത്.
ആശ്രാമം മൈതാനത്ത് ഹെലികോപ്റ്റർ ഇറങ്ങിയ ശേഷം വാഹനത്തിൽ പോകുന്നതിനിടെയാണ് പ്രതിഷേധമുണ്ടായത്. കുണ്ടറയിലെ പരിപാടിക്ക് ശേഷം ഹെലികോപ്റ്റർ മാർഗം അമൃതപുരിയിലെത്തുന്ന അമിത് ഷാ മാതാ അമൃതാനന്ദമയിയുടെ ജന്മദിനാഘോഷവുമായി ബന്ധപ്പെട്ട പരിപാടികളുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കും.