ദുബായി: പ്രമുഖ ബിസിനസ് മാഗസിനായ ഫോബ്സ് മിഡിൽ ഈസ്റ്റ് പുറത്തുവിട്ട 2026-ലെ ടോപ്പ് ഹെൽത്ത്കെയർ ലീഡേഴ്സ് പട്ടികയിൽ മികച്ച നേട്ടം കൊയ്ത് മലയാളി സംരംഭകരും എക്സിക്യൂട്ടീവുകളും.
ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ ഫൗണ്ടർ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പനും ബുർജീൽ ഹോൾഡിംഗ്സ് ഫൗണ്ടറും ചെയർമാനും സിഇഒയുമായ ഡോ. ഷംഷീർ വയലിലുമാണ് ഈ അഭിമാന നേട്ടത്തിന്റെ മുൻപന്തിയിൽ ഇടംപിടിച്ചത്.
മിഡിൽ ഈസ്റ്റിലെ ഏറ്റവും മികച്ച അഞ്ച് ഹെൽത്ത്കെയർ സ്ഥാപകരിലാണ് ഇരുവരുടെയും സ്ഥാനം. ആരോഗ്യമേഖലയിലെ വളർച്ച, നിക്ഷേപം, നവീകരണം, വിപുലീകരണം, വ്യവസായ രംഗത്തെ സ്വാധീനം എന്നിവ വിലയിരുത്തി ഫൗണ്ടർ, എക്സിക്യൂട്ടീവ് എന്നീ രണ്ട് വിഭാഗങ്ങളിലായാണ് ഫോബ്സ് റാങ്കിംഗ് പ്രഖ്യാപിച്ചിരിക്കുന്നത്.
മുൻനിരയിൽ ഡോ. ആസാദ് മൂപ്പനും ഡോ. ഷംഷീർ വയലിലും
സ്ഥാപകരുടെ വിഭാഗത്തിൽ മൂന്നാം സ്ഥാനത്താണ് ഡോ. ആസാദ് മൂപ്പൻ. 1987-ൽ ദുബായിയിൽ ഒരു ചെറിയ ക്ലിനിക്കിൽ തുടങ്ങി, മിഡിൽ ഈസ്റ്റിലെ പ്രമുഖ ആരോഗ്യ ശൃംഖലകളിലൊന്നായി ആസ്റ്റർ ഡിഎം ഹെൽത്ത്കെയറിനെ വളർത്തിയെടുത്തത് ഡോ. മൂപ്പനാണ്.
ഗൾഫ് രാജ്യങ്ങളിലും ഇന്ത്യയിലുമായി 1,025 സ്ഥാപനങ്ങളുള്ള ആസ്റ്ററിൽ 65,000-ത്തിലധികം ജീവനക്കാർ ജോലി ചെയ്യുന്നതായി ഫോബ്സ് റിപ്പോർട്ടിൽ പറയുന്നു. ജിസിസിയിൽ 16 ആശുപത്രികളും 128 ക്ലിനിക്കുകളും 360 ഫാർമസികളും ആസ്റ്ററിന് കീഴിലുണ്ട്.
യുഎഇയിലും സൗദി അറേബ്യയിലുമായി ഗ്രൂപ്പ് പ്രഖ്യാപിച്ച കോടിക്കണക്കിന് രൂപയുടെ പുതിയ നിക്ഷേപ പദ്ധതികൾ വിപുലീകരണ പ്രവർത്തനങ്ങളുടെ ഭാഗമാണ്. പട്ടികയിൽ നാലാം സ്ഥാനത്താണ് ബുർജീൽ ഹോൾഡിംഗ്സ് സ്ഥാപകനായ ഡോ. ഷംഷീർ വയലിൽ.
2007-ൽ അബുദാബിയിൽ ബുർജീൽ ഹോൾഡിംഗ്സ് സ്ഥാപിച്ച അദ്ദേഹം ചെയർമാൻ പദവിക്ക് പുറമെ കഴിഞ്ഞ വർഷം ഡിസംബറിൽ സിഇഒ പദവിയും ഏറ്റെടുത്തിരുന്നു.
യുഎഇയിലും സൗദി അറേബ്യയിലുമായി നൂറോളം ആസ്തികളുള്ള ശൃംഖലയിൽ 20 ആശുപത്രികളാണുള്ളത്. പതിനാലായിരത്തിലധികം പേർ ജോലി ചെയ്യുന്ന ബുർജീൽ ഹോൾഡിംഗ്സ് പ്രതിവർഷം ഏഴു ദശലക്ഷത്തിലധികം രോഗികൾക്കാണ് സേവനം നൽകുന്നത്.
പട്ടികയിലെ മറ്റ് പ്രമുഖ സ്ഥാപകരും എക്സിക്യൂട്ടീവുകളും
ഫൗണ്ടർമാരുടെ പട്ടികയിൽ മറ്റ് മുൻനിര മലയാളി സംരംഭകരും സജീവ സാന്നിധ്യമാണ്. മുഹമ്മദ് ആലുങ്ങൽ (അബീർ മെഡിക്കൽ ഗ്രൂപ്പ് ഫൗണ്ടർ & ചെയർമാൻ): 40-ാം സ്ഥാനം.
മുഹമ്മദ് മിയാൻദാദ് വി.പി (33 ഹോൾഡിംഗ്സ് ചെയർമാൻ & എം.ഡി): 42-ാം സ്ഥാനം, ഡോ. സണ്ണി കുര്യൻ (ഡോ. സണ്ണി ഹെൽത്ത് കെയർ ഗ്രൂപ്പ് ഫൗണ്ടർ & ചെയർമാൻ): 43-ാം സ്ഥാനം.
ഫോബ്സ് മിഡിൽ ഈസ്റ്റിന്റെ പ്രത്യേക ഹെൽത്ത്കെയർ എക്സിക്യൂട്ടീവ്സ് പട്ടികയിലും പ്രഗത്ഭ മലയാളി പ്രഫഷണലുകൾ ഇടംപിടിച്ചിട്ടുണ്ട്.
ഷെർബാസ് ബിച്ചു (ആസ്റ്റർ ഹോസ്പിറ്റൽസ് ആൻഡ് ക്ലിനിക്സ് യുഎഇ, ഒമാൻ, ബഹ്റിൻ ഗ്രൂപ്പ് സിഇഒ): 17-ാം സ്ഥാനം. ഷാനില ലൈജു (മെഡ്കെയർ ഹോസ്പിറ്റൽസ് ആൻഡ് മെഡിക്കൽ സെന്റേഴ്സ് ഗ്രൂപ്പ് സിഇഒ): 64-ാം സ്ഥാനം.
കമ്പനിയുടെ വലുപ്പം, വരുമാനം, ആസ്തികൾ, വ്യവസായ രംഗത്തെ സ്വാധീനം, നേതൃപാടവം, നവീകരണം, സമീപകാല നേട്ടങ്ങൾ തുടങ്ങിയ വിവിധ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് ഫോബ്സ് ഈ റാങ്കിംഗ് തയാറാക്കിയത്.
രണ്ട് വ്യത്യസ്ത പട്ടികകളിലായി ഏഴ് മലയാളി ഹെൽത്ത്കെയർ ലീഡർമാർ ഇടംപിടിച്ചത് മിഡിൽ ഈസ്റ്റിലെ ആരോഗ്യ പരിപാലന മേഖലയുടെ വളർച്ചയിൽ മലയാളികൾ വഹിക്കുന്ന സുപ്രധാന പങ്കിന് തെളിവാണ്.