മൈസൂരു: സ്വകാര്യ എസി സ്ലീപ്പർ ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മലയാളികൾ ഉൾപ്പടെ നാലുപേർക്ക് ദാരുണാന്ത്യം. വെള്ളിയാഴ്ച പുലർച്ചെ പെരിയപട്ടണ പൊലീസ് സ്റ്റേഷൻ പരിധിയിലുണ്ടായ അപകടത്തിൽ ബേപ്പൂർ സ്വദേശി അഫ്താബ്, മങ്കാവ് സ്വദേശി സജേഷ് തുടങ്ങിയവരാണ് മരിച്ചത്.
അപകടത്തിൽ 30 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. ഇതിൽ പലരുടെയും നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. കോഴിക്കോട് നിന്ന് ബംഗളൂരുവിലേക്ക് പോവുകയായിരുന്ന കാവേരി എന്ന ബസാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ബസ് ഡ്രൈവറും മരിച്ചവരിൽ ഉൾപ്പെടുന്നതായാണ് പ്രാഥമിക വിവരം.
പരിക്കേറ്റവരെ ഹുൻസൂരിലെയും മൈസൂരുവിലെയും വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ബസിന്റെ മുൻഭാഗത്ത് ഇരുന്നവർക്കാണ് ജീവൻ നഷ്ടമായത്. ലോറി ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. അപ്രതീക്ഷിതമായി ലോറി എതിർ ദിശയിലേക്ക് തിരിച്ചതാണ് അപകടത്തിന് കാരണമെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.