കോൽക്കത്ത: നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പിൽ മുൻ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ മമത ബാനർജി മത്സരിക്കില്ല. നന്ദിഗ്രാമിൽ തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥിയായി സഞ്ചിത പ്രധാൻ ദേയ് മത്സരിക്കുമെന്ന് മമത വ്യക്തമാക്കി.
സ്കൂൾ അധ്യാപികയും തൃണമൂലിന്റെ പ്രാദേശിക പ്രവർത്തകയുമാണ് സഞ്ചിത പ്രധാൻ ദേയ്. ഒക്ടോബർ ആറിനാണ് തെരഞ്ഞെടുപ്പ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നന്ദിഗ്രാമിലും ഭവാനിപൂരിലും മുഖ്യമന്ത്രി സുവേന്ദു അധികാരി വിജയിച്ചിരുന്നു. തുടർന്ന് അദ്ദേഹം നന്ദിഗ്രാം ഒഴിയുകയായിരുന്നു. ഇതോടെയാണ് ഇവിടെ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.
അതേസമയം ഉപതെരഞ്ഞെടുപ്പിൽ മമത മത്സരിക്കുമെന്ന് സൂചനകളുണ്ടായിരുന്നു. നന്ദിഗ്രാമിന് പുറമെ രജിനഗർ മണ്ഡലത്തിലും ഉപതെരഞ്ഞെടുപ്പ് നടക്കും. രജിനഗറിൽ റബിയുൽ ആലം ചൗധരിയെയും, അസമിലെ നാഗോൺ ലോക്സഭാ മണ്ഡലത്തിലേക്ക് അബ്ദുൾ സലാമിനെയും തൃണമൂൽ സ്ഥാനാർഥികളായി പ്രഖ്യാപിച്ചു.