ചങ്ങനാശേരി: വിജ്ഞാപനം വന്നതോടെ തെരഞ്ഞെടുപ്പു രംഗത്ത് ചൂടേറി. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി കേരള കോണ്‍ഗ്രസ്-എം അംഗവും നിലവിലെ എംഎല്‍എയുമായ ജോബ് മൈക്കിളിനെ പ്രഖ്യാപിച്ചതോടെ അദ്ദേഹം പ്രചാരണവുമായി കളത്തിലിറങ്ങി.
കേരള കോണ്‍ഗ്രസിനാണ് യുഡിഎഫിന്റെ സ്ഥാനാര്‍ഥിത്വം. കേരള കോണ്‍ഗ്രസ് ഉന്നതാധികാര സമിതിയംഗം വി.ജെ. ലാലി, ജില്ലാ പഞ്ചായത്ത് തൃക്കൊടിത്താനം ഡിവിഷനംഗം വിനു ജോബ് എന്നിവരുടെ പേരുകളാണ് പാര്‍ട്ടി നേതൃത്വത്തിന്റെ പരിഗണനയിലുള്ളത്. ഇന്നോ നാളെയോ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുമെന്നാണ് പാര്‍ട്ടി നേതൃത്വം സൂചനകള്‍ നല്‍കുന്നത്.
നാല്പതു വര്‍ഷക്കാലം ചങ്ങനാശേരിയില്‍ യുഡിഎഫിനു നേതൃത്വം നല്‍കുകയും ഒമ്പതുതവണ വിജയിക്കുകയും ചെയ്തത് സി.എഫ്. തോമസായിരുന്നു. 1980 മുതല്‍ 2020 സെപ്റ്റംബര്‍ 27ന് അന്തരിക്കും വരെ അദ്ദേഹം തുടര്‍ച്ചയായി ചങ്ങനാശേരി മണ്ഡലത്തെ പ്രതിനിധീകരിച്ചു. രാഷ്ട്രീയത്തിനതീതമായി എല്ലാ വിഭാഗങ്ങളിലും ചെലുത്തിയ സ്വാധീനമായിരുന്നു സി.എഫിന്റെ കൈമുതല്‍. അദ്ദേഹത്തിന്റെ കാലശേഷം 2021ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ സീറ്റ് യുഡിഎഫിന് നഷ്ടമായത് സി.എഫിന്റെ സ്വീകാര്യത തെളിയിക്കപ്പെട്ടു.
എംഎല്‍എ ആയിരുന്ന കാലത്ത് നടന്ന എല്ലാ തെരഞ്ഞെടുപ്പുകളുടെയും ചുക്കാന്‍ പിടിച്ചിരുന്നതും സി.എഫ്. തോമസ് തന്നെയായിരുന്നു.സി.എഫിനുശേഷം നടന്ന തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയില്‍ നിന്നുള്ള കേരള കോണ്‍ഗ്രസ്-എം അംഗം ജോബ് മൈക്കിളാണ് തെരഞ്ഞെടുക്കപ്പെട്ടത്. മണ്ഡലത്തില്‍ നടത്തിയ വികസന പദ്ധതികള്‍ അക്കമിട്ടു നിരത്തിയാണ് ജോബ് മൈക്കിള്‍ തെരഞ്ഞെടുപ്പ് ഗോഥയിലിറങ്ങിയിരിക്കുന്നത്. സ്ഥാനാര്‍ഥിയെ തീരുമാനിക്കാനുള്ള ചര്‍ച്ചകള്‍ കേരള കോണ്‍ഗ്രസില്‍ പുരോഗമിക്കുകയാണ്.