ന്യൂഡൽഹി: കേന്ദ്ര വിഭ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി പ്രഖ്യാപനം വന്നതോടെ ആർപ്പ് വിളിച്ച് സിജെപി പ്രവർത്തകർ. കഴിഞ്ഞ ഒരു മാസത്തിലേറെയായി ജന്തർമന്തറിലെ വെയിലും മഴയും വകവെയ്ക്കാതെ സമരം ചെയ്ത വിദ്യാർഥികൾക്കു മുന്നിൽ ഗത്യന്തരമില്ലാതെ കേന്ദ്രസർക്കാർ കീഴടങ്ങുകയായിരുന്നു.
രാജിപ്രഖ്യാപനം വന്നതോടെ പരസ്പരം മധുരം പങ്കുവച്ചും ജയ് വിളിച്ചുമാണ് അവർ വിജയം ആഘോഷിച്ചത്. പരാജയം അറിയാത്ത സമരവീര്യത്തിന്റെ വിജയമായാണിത്, രാജ്യത്തിന്റെ ഭാവി തലമുറയ്ക്കായുള്ള പോരാട്ടത്തിൽ ഭരണകൂടത്തിന് മുന്നിൽ തലകുനിക്കില്ലെന്ന് തെളിയിക്കുന്ന ചരിത്രപരമായ നിമിഷമാണിതെന്നും സമര നേതാക്കൾ പറഞ്ഞു.
നീറ്റ് ചോദ്യപേപ്പർ ചോർച്ചാ വിവാദത്തിൽ ധർമ്മേന്ദ്ര പ്രധാൻ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെക്കണമെന്നതായിരുന്നു സമരക്കാരുടെ ഏറ്റവും പ്രധാനപ്പെട്ട ആവശ്യം. സർക്കാരുമായി നടത്തിയ പലവട്ട ചർച്ചകളിലും മന്ത്രിയുടെ രാജി അനിവാര്യമാണെന്ന് സമരക്കാർ കടുപ്പിച്ച് നിന്നിരുന്നു.
ഒടുവിൽ പ്രതിരോധത്തിലായ കേന്ദ്രസർക്കാർ പ്രധാന്റെ രാജി അംഗീകരിക്കാൻ നിർബന്ധിതരാവുകയായിരുന്നു. മന്ത്രിയുടെ രാജിക്ക് പുറമെ സമരക്കാർ ഉന്നയിച്ച മറ്റ് ആവശ്യങ്ങളിലും അനുകൂലമായ നടപടികൾ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് പ്രതിഷേധക്കാർ. എങ്കിലും തങ്ങളുടെ ഐതിഹാസിക സമരത്തിന് ലഭിച്ച ഈ ആദ്യ വിജയത്തിന്റെ ആഹ്ളാദത്തിലാണ് രാജ്യത്തെ വിദ്യാർഥി സമൂഹം.