Fri, 28 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : CMC

ചൈനയിലെ ഉന്നത ജനറൽമാരെ മിലിട്ടറി കമ്മീഷനിൽനിന്ന് പുറത്താക്കി

 ബെയ്ജിംഗ്: ചൈനയിൽ ഉന്നത സൈനിക മേധാവിമാരായ ജനറൽ ചാംഗ് യൂഷിയ, ജനറൽ ലിയു ചെൻലി എന്നിവരെ പരമോന്ന സൈനിക സമിതിയായ സെൻട്രൽ മിലിട്ടറി കമ്മീഷനിൽ (സിഎംഎസി) നിന്ന് പുറത്താക്കി. ചൈനീസ് പാർലമെന്‍റായ നാഷണൽ പീപ്പിൾസ് കോൺഗ്രസിലെ സ്റ്റാൻഡിംഗ് കമ്മിറ്റിയാണ് ഇതു സംബന്ധിച്ച തീരുമാനം എടുത്തത്.

ഇരുവരും ജനുവരി മുതൽ കടുത്ത അച്ഛടക്കലംഘനത്തിന്‍റെ പേരിൽ അന്വേഷണം നേരിട്ടുവരികയായിരുന്നു. അഴിമതി ആരോപണത്തിന് ചൈനയിൽ പറയുന്ന പേരാണ് അച്ഛടക്കലംഘനം.

പ്രസിഡന്‍റ് ഷി ചിൻപിംഗ് സിഎംസിയിൽ വൈസ് ചെയർമാൻ എന്ന നിലയിൽ രണ്ടാമനായിരുന്നു ചാംഗ് യൂഷിയ. ഗവൺമെന്‍റിനും കമ്യൂണിസ്റ്റ് പാർട്ടിക്കും നേതൃത്വം നല്കുന്ന പോളിറ്റ്ബ്യൂറോയിലും ഇദ്ദേഹത്തിന് അംഗത്വമുണ്ട്. സിഎംസിയിൽനിന്ന് പുറത്താക്കിയെങ്കിലും പോളിറ്റ്ബ്യൂറോയിൽനിന്ന് പുറത്താക്കിയിട്ടില്ലെന്നാണ് റിപ്പോർട്ട്.

സിഎംസിയിലെ ജോയിന്‍റ് സ്റ്റാഫ് വകുപ്പിന്‍റെ മേധാവിയായിരുന്നു ജനറൽ ലിയു ചെൻലി.

പ്രസിഡന്‍റ് ഷി അടക്കം ഏഴ് അംഗങ്ങൾ ഉണ്ടായിരുന്ന ശക്തമായ സിഎംസിയിലെ ഭൂരിഭാഗം അംഗങ്ങളും അഴിമതിക്കേസുകളിൽ കുടുങ്ങി പുറത്തായിരുന്നു. പുതിയ പുറത്താക്കലുകളോടെ സിഎംസിയിൽ ഷിയും വൈസ് ചെയർമാൻ ചാംഗ് ഷെംഗ്‌മിനും മാത്രമാണ് അവശേഷിക്കുന്നത്.

Latest News

Corehub Up