തൊടുപുഴ: തദ്ദേശ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ ശക്തമായ മത്സരത്തിന് കളമൊരുങ്ങി. ഡിസംബറിൽ തെരഞ്ഞെടുപ്പ് നടക്കാനുള്ള സാധ്യത മുൻകൂട്ടിക്കണ്ട് മുന്നണികൾ എല്ലാ ഒരുക്കവും പൂർത്തിയാക്കിയിരുന്നു. വാർഡുകളുടെ പുനർവിഭജനത്തിനുശേഷം നടക്കുന്ന ആദ്യതെരഞ്ഞെടുപ്പായതിനാൽ ഫലം ആർക്ക് അനുകൂലമാകുമെന്നത് പ്രവചനാതീതമാണ്.
എന്നാൽ, മുന്നണികൾ മികച്ച സ്ഥാനാർഥികളെ രംഗത്തിറക്കി ജില്ലാ, ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകളുടെ ഭരണം പിടിച്ചെടുക്കാനുള്ള ശ്രമത്തിലാണ്. പല വാർഡുകളിലും ജനപിന്തുണയുള്ള സ്ഥാനാർഥികളെ കണ്ടെത്താൻ കഴിയാതെ മുന്നണികൾ ബുദ്ധിമുട്ടുകയാണ്. ചിലയിടങ്ങളിൽ സ്ഥാനാർഥികളെ കണ്ടെത്തിയെങ്കിലും എതിർസ്ഥാനാർഥി ആരെന്ന് വ്യക്തമായശേഷം രംഗത്തിറക്കാനാണ് നീക്കം. എന്നാൽ ചിലയിടങ്ങളിൽ സ്ഥാനാർഥികൾ പ്രചാരണം ആരംഭിച്ചുകഴിഞ്ഞു.
കരിമണ്ണൂർ ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ എഎപി സ്ഥാനാർഥിയായി മത്സരിക്കുന്ന മുൻ ബ്ലോക്ക് പഞ്ചായത്തംഗം ബേസിൽ ജോണ് തന്റെ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചുകഴിഞ്ഞു. ഇവിടെ യുഡിഎഫ്, എൽഡിഎഫ്, ബിജെപി സ്ഥാനാർഥികളെ ഇനിയും പ്രഖ്യാപിച്ചിട്ടില്ല. സീറ്റ് വിഭജനത്തിൽ പലയിടത്തും തർക്കങ്ങളും രൂപപ്പെട്ടിട്ടുണ്ട്. സംവരണ വാർഡുകൾ വർധിച്ചതോടെ പ്രമുഖരായ പലർക്കും മത്സരിക്കാൻ സീറ്റില്ലാത്ത സ്ഥിതിയാണ്. ഇതു ചിലയിടങ്ങളിൽ പടലപ്പിണക്കങ്ങൾക്കും കാരണമായിട്ടുണ്ട്.
അനുയോജ്യരായ സ്ഥാനാർഥികളെ ലഭിക്കാത്ത വാർഡുകൾ മുന്നണിയിലെ ഘടകകക്ഷികൾ തമ്മിൽ വച്ചുമാറാനും ധാരണയായിട്ടുണ്ട്. ഇടുക്കിയിൽ കഴിഞ്ഞ രണ്ടുതവണയും ജില്ലാ പഞ്ചായത്ത് ഭരണം എൽഡിഎഫിനാണ്. തദ്ദേശ തെരഞ്ഞെടുപ്പിൽ ജില്ലയിൽ എൽഡിഎഫിനായിരുന്നു മുൻതൂക്കം.
കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകളിലും ഈ സ്ഥിതിയായിരുന്നു. അതിനാൽ ഇത്തവണ യുഡിഎഫും ബിജെപിയും മികച്ച സ്ഥാനാർഥികളെ രംഗത്തിറക്കി ജില്ലാ പഞ്ചായത്ത് ഭരണം കൈക്കലാക്കാനുള്ള നീക്കമാണ് നടത്തുന്നത്.