കുടമാളൂർ: സെന്റ് ജോസഫ് ചാപ്പലിന്റെ ശതാബ്ദി ആഘോഷങ്ങൾക്ക് ഇന്നു തുടക്കം. 2027ൽ 100 വർഷം പൂർത്തിയാക്കുന്നതിന്റെ ഭാഗമായി ഒരു വർഷം നീണ്ടുനിൽക്കുന്ന വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.
ഇന്നു രാവിലെ ഏഴിന് കുടമാളൂർ സെന്റ് മേരീസ് മേജർ ആർക്കി എപ്പിസ്കോപ്പൽ പള്ളിയിലെ വിശുദ്ധ കുർബാനയെത്തുടർന്ന് ആർച്ച്പ്രീസ്റ്റ് ഫാ. ഡോ. ജോർജ് മംഗലത്തിൽ ശതാബ്ദിയാഘോഷ പരിപാടികൾക്ക് ഔദ്യോഗികമായി തുടക്കംകുറിക്കും. 1927ൽ ഫാ. ഫിലിപ്പോസ് ആണ്ടുമാലി നൽകിയ സ്ഥലത്ത് പ്രഥമ ചാപ്പൽ നിർമിച്ചു സെപ്റ്റംബർ ആറിന് വെഞ്ചരിപ്പ് കർമം നിർവഹിച്ചു.
കുടമാളൂർ പള്ളിയുടെ ദർശനത്തിരുനാളിനോടനുബന്ധിച്ച് നടത്തപ്പെടുന്ന കാഴ്ചവയ്പ് പ്രദിക്ഷണവും ശിശുക്കൾക്കായുള്ള ആശീർവാദ പ്രാർഥനയും ഈ ചാപ്പലിലാണ് നടന്നുകൊണ്ടിരിക്കുന്നത്. എല്ലാ മാർച്ച് മാസങ്ങളിലും നടത്തപ്പെടുന്ന വിശുദ്ധ യൗസേപ്പിതാവിന്റെ മാസവണക്കത്തിരുനാളിൽ ജാതിമത ഭേദമെന്യേ ആയിരങ്ങൾ പങ്കെടുക്കുന്നു.