മൂന്നാർ: മധ്യകേരളത്തിലെ കത്തോലിക്കാ ബിഷപ്പുമാരുടെ സമ്മേളനത്തിന് മൂന്നാറിൽ തുടക്കം. വിജയപുരം രൂപത ആതിഥേയത്വം വഹിക്കുന്ന സമ്മേളനത്തിൽ വിവിധ രൂപതകളിൽ നിന്നുള്ള 13 ബിഷപ്പുമാരാണ് പങ്കെടുക്കുന്നത്. മൂന്നാർ കാർമൽ ടോപ്പ് സെന്ററിൽ നടക്കുന്ന സമ്മേളനം ഇന്നു സമാപിക്കും.
ഇന്നലെ രാവിലെ മൂന്നാർ ബസിലിക്കയിൽ പൊന്തിഫിക്കൽ കുർബാനയോടെയായിരുന്നു തുടക്കം. പുനലൂർ ബിഷപ് ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ ദിവ്യബലിയിൽ മുഖ്യ കാർമികത്വം വഹിച്ചു. ചങ്ങനാശേരി ആർച്ച്ബിഷപ് മാർ തോമസ് തറയിൽ , മാർ ജോസഫ് കല്ലറങ്ങാട്ട്, മാർ ജോർജ് മഠത്തിക്കണ്ടത്തിൽ, മാർ ജോസ് പുളിക്കൽ, മാർ ജോൺ നെല്ലിക്കുന്നേൽ, ബിഷപ് ഗീവർഗീസ് മാർ അപ്രേം, ബിഷപ് യൂഹാനോൻ മാർ തിയഡോഷ്യസ്, ബിഷപ് ഡോ. സെബാസ്റ്റ്യൻ തെക്കത്തെച്ചേരിൽ, ബിഷപ് ജോഷ്വ മാർ ഇഗ്നാത്തിയോസ്, മാർ ജോർജ് പുന്നക്കോട്ടിൽ ഉൾപ്പടെ പതിമൂന്ന് ബിഷപ്പുമാരാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്.
മൂന്നാം സഹസ്രാബ്ദത്തിലേക്ക് പ്രവേശിക്കുന്ന സഭയെ ആത്മീയതയുടെ ആഴങ്ങളിലേക്ക് നയിക്കുകയും ഊർജസ്വലമാക്കുകയും ചെയ്യുന്ന കർമപദ്ധതികൾ സംബന്ധിച്ച് ചർച്ച ചെയ്യുന്നതിനാണ് സമ്മേളനം നടത്തുന്നത്.