ചമ്പക്കുളം: ചമ്പക്കുളം പാലത്തിലൂടെ രാത്രികാലങ്ങളിലെ കാൽനട, ഇരുചക്രവാഹന യാത്രക്കാർക്ക് ഭീഷണിയായി തെരുവുനായസംഘം. രാത്രികാലങ്ങളിൽ കാൽനടയാത്രികർക്ക് ഒറ്റയ്ക്ക് യാത്ര ചെയ്യാനാവാത്തവിധം തെരുവുനായ്ക്കൾ പാലം കൈയടക്കിയിരിക്കുകയാണ്.
ചമ്പക്കുളം പ്രദേശത്തെ തെരുവുനായ ശല്യത്തെപ്പറ്റി നിരവധി തവണ പത്രമാധ്യമങ്ങളിൽ വാർത്തകൾ വന്നിട്ടും നെടുമുടി, ചമ്പക്കുളം പഞ്ചായത്തുകളിലെ ഉത്തരവാദിത്വപ്പെട്ടവർ നടപടിയെടുക്കുന്നില്ലെ പരക്കെ ആക്ഷേപമുണ്ട്. രണ്ടു പഞ്ചായത്തുകളിലായി രണ്ടു കിലോമീറ്റർ ചുറ്റളവിൽ എട്ട് സ്കൂളുകൾ പ്രവർത്തിക്കുന്ന ചമ്പക്കുളത്ത് ചില സ്കൂൾ മൂറ്റങ്ങളിലും തെരുവുനായ ശല്യം രൂക്ഷമാണ്.
ചരിത്ര പ്രസിദ്ധമായ ചമ്പക്കുളം കല്ലൂർക്കാട് പള്ളിക്കു സമീപമുള്ള മൈതാനത്തിലും വഴികളിലും പ്രഭാതത്തിൽ കൂട്ടമായി കാണപ്പെടുന്ന തെരുവുനായ്ക്കൾ രാവിലെ പള്ളിയിലേക്കു പോകുന്നവർക്ക് ഭീഷണിയായി മാറിയിട്ടുണ്ട്. ബന്ധപ്പെട്ട അധികാരികളുടെ ഭാഗത്തു നിന്ന് അടിയന്തര നടപടി ഉണ്ടാവേണ്ടത് അനിവാര്യമാണ്.