തിരുവനന്തപുരം: ഡൽഹിയിൽ സമരം ചെയ്ത വിദ്യാർഥിനികളെ അധിക്ഷേപിച്ച കേസിൽ അറസ്റ്റിലായ ടി.ജി. മോഹൻദാസിനെതിരെ ശക്തമായ വകുപ്പുകൾ ചുമത്തി പോലീസ്. കലാപത്തിന് ആഹ്വാനം ചെയ്യൽ, മതവിദ്വേഷം വളർത്തൽ തുടങ്ങിയ ഗുരുതര കുറ്റങ്ങൾ ഉൾപ്പെടുത്തിയാണ് കേസെടുത്തിരിക്കുന്നത്.
ഈ കുറ്റങ്ങളെല്ലാം മൂന്ന് വർഷം വരെ ശിക്ഷ ലഭിക്കാവുന്നവയാണ്. ഇതിൽ ബിഎൻ.എസ് 353 (1) (ബി) ജാമ്യമില്ലാത്ത വകുപ്പായതിനാൽ കോടതിയുടെ തീരുമാനപ്രകാരം മാത്രമെ അദ്ദേഹത്തിന് ജാമ്യം ലഭിക്കുകയുള്ളൂ. മട്ടാഞ്ചേരി ചെറളായിയിലെ വീട്ടിൽ നിന്ന് ഇന്നലെ അറസ്റ്റ് ചെയ്ത ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു.
നിയമനടപടികളും വൈദ്യപരിശോധനയും പൂർത്തിയാക്കിയ ശേഷം തിങ്കളാഴ്ച പുലർച്ചെ 1:24നു ടി.ജി.മോഹൻദാസിനെ തിരുവനന്തപുരം പോലീസ് ട്രെയിനിങ് കോളജിൽ എത്തിച്ചു. സമരം ചെയ്യുന്ന വിദ്യാർഥികളെ താനായിരുന്നെങ്കിൽ വെടിവച്ചു കൊല്ലുമായിരുന്നെന്നും ബലാത്സംഗം ഇഷ്ട്ടപ്പെടുന്നവരാണ് അവിടെ സമരം ചെയ്യുന്നവരെന്നുമായിരുന്നു മോഹൻദാസിന്റെ പ്രസ്താവന.