ആറന്മുള: ആറന്മുള ക്ഷേത്രത്തിലെ അഷ്ടമിരോഹിണി വള്ളസദ്യയോടനുബന്ധിച്ച് വാഴൂർ തീർഥപാദാനന്ദാശ്രമം അധ്യക്ഷൻ പ്രജ്ഞാനന്ദ സ്വാമികളുടെ നേതൃത്വത്തിൽ ചേനപ്പാടി സംഘം1500 ലിറ്റർ തൈര് ക്ഷേത്രത്തിൽ എത്തിച്ചു. ഇന്നലെ രാവിലെ 11ന് പാഞ്ചജന്യം ഓഡിറ്റോറിയത്തിനുമുമ്പിൽ എത്തി. തൈര് വഹിച്ചുകൊണ്ടുള്ള അലങ്കരിച്ച വാഹനത്തിനുമുമ്പിൽ 250 പേരടങ്ങുന്ന സംഘം ക്ഷേത്രത്തിന്റെ പതിനെട്ടാംപടിക്കു മുമ്പിൽ എത്തി.
പള്ളിയോട സേവാസംഘം ഭാരവാഹികൾ സംഘത്തലവന്മാരെ തുളസിമാലയിട്ട് സ്വീകരിച്ച് വഞ്ചിപ്പാട്ടിന്റെ അകമ്പടിയോടെ ക്ഷേത്രത്തിലേക്ക് സ്വീകരിച്ച് ആനയിച്ചു. ക്ഷേത്രത്തിന് പ്രദക്ഷിണം വച്ചെത്തിയ സംഘം കൊടിമരച്ചുവട്ടിൽ പാളത്തൈര് പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ.വി.സാംബദേവന്‍ കൈമാറി.
ചിറക്കടവ് ചെറുവള്ളി എരുമേലി എന്നിവിടങ്ങളിലെ ഭക്തരും ചേനപ്പാടി സംഘത്തിനൊപ്പം ഉണ്ടായിരുന്നു. കൺവീനർ സുനിൽകുമാർ പഴുക്കാപറമ്പിൽ, പ്രസിഡന്റ് രാജപ്പൻ നായർ കോയിക്കൽ, സെക്രട്ടറി ജയകൃഷ്ണൻ കുറ്റിക്കാട്, ട്രഷറർ അഭിലാഷ് എന്നിവരാണ് ചേനപ്പാടി പാളത്തൈര് സമർപ്പണസമിതിക്ക് നേതൃത്വം നൽകിയത്.