കണ്ണൂർ: കോൺഗ്രസിൽ എന്തെങ്കിലും തർക്കങ്ങളുണ്ടെങ്കിൽ പരിഹരിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.
കെഎസ്യു നേതാക്കളോടുള്ള മുഖ്യമന്ത്രിയുടെ നിലപാട് സംബന്ധിച്ച് കണ്ണൂരിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സിപിഎം-സിപിഐ തർക്കംവച്ച് നോക്കുന്പോൾ കോൺഗ്രസിലെന്ത് തർക്കമാണുള്ളത്. ഇപ്പോൾ ഏറ്റവുമധികം തർക്കങ്ങൾ ഇടതുമുന്നണിയിലാണ്. ഇടതുമുന്നണിയിലെ പ്രശ്നങ്ങൾ കാരണം മുന്നണി യോഗംപോലും കൂടാൻ കഴിയാത്ത അവസ്ഥയിലാണ്.
ഇത്തരം പ്രശ്നങ്ങളൊന്നും കോൺഗ്രസിലില്ല. കെഎസ്യുവിന് എന്തെങ്കിലും പരാതിയുണ്ടെങ്കിൽ തീർച്ചയായും പരിശോധിച്ച് പരിഹരിക്കും. അതിന് മുഖ്യമന്ത്രി തന്നെ മുൻകൈയെടുക്കുമെന്നാണ് വിശ്വാസം.
ചില സിപിഎം നേതാക്കൾക്ക് ഗൺമാൻ ഉൾപ്പെടെയുള്ള പോലീസ് പ്രൊട്ടക്ഷൻ തുടരുന്നത് സംബന്ധിച്ച് ആഭ്യന്തരവകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള പോലീസ് സെക്യൂരിറ്റി കമ്മിറ്റിയാണ് തീരുമാനമെടുക്കേണ്ടതെന്ന് ഒരു ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു.