പൂനെ: കേതൻ അഗർവാൾ വധക്കേസ് അന്വേഷണത്തിൽ നിർണായക വഴിത്തിരിവ്. പ്രതിയായ സിയ ഗോയൽ തന്റെ പ്രതിശ്രുത വരനെ കൊലപ്പെടുത്തുന്നതിന് നാല് മാസം മുൻപ് തന്നെ കാമുകനായ ചേതൻ ചൗധരിയെ രഹസ്യമായി വിവാഹം കഴിച്ചിരുന്നതായി അന്വേഷണ സംഘം കണ്ടെത്തി.
കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു സിയയും കേതൻ അഗർവാളും തമ്മിലുള്ള വിവാഹനിശ്ചയം നടന്നത്. എന്നാൽ ഇത് മറച്ചുവെച്ച് സിയയും ചേതനും ചേർന്ന് രഹസ്യമായി വിവാഹം കഴിക്കുകയായിരുന്നു. വീട്ടുകാരിൽ നിന്നും ഈ വിവാഹവിവരം ഒളിച്ചുവെച്ച സിയ, കേതനുമായുള്ള വിവാഹത്തിനായുള്ള ഒരുക്കങ്ങളുമായി സാധാരണ രീതിയിൽ മുന്നോട്ട് പോവുകയും ചെയ്തു.
ഡിജിറ്റൽ തെളിവുകൾ പരിശോധിച്ചപ്പോഴാണ് പോലീസിന് ഈ നിർണായക വിവരം ലഭിച്ചത്. പ്രതികളുടെ വാട്സ്ആപ്പ് ചാറ്റുകൾ, കോൾ റെക്കോർഡുകൾ, ലൊക്കേഷൻ വിവരങ്ങൾ, ഇന്റർനെറ്റ് സെർച്ച് ഹിസ്റ്ററി എന്നിവ പരിശോധിച്ചതിൽ നിന്നാണ് രഹസ്യ വിവാഹത്തെക്കുറിച്ചുള്ള സൂചനകൾ പുറത്തുവന്നത്.
അതേസമയം ഇവരുടെ വിവാഹ സർട്ടിഫിക്കറ്റ് കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. സിയ ഗോയലിന്റെ കോളജിലെ രണ്ട് സുഹൃത്തുക്കളാണ് ഈ രഹസ്യ വിവാഹത്തിന് സാക്ഷികളായി ഒപ്പിട്ടതെന്നും അന്വേഷണസംഘവുമായി അടുത്ത വൃത്തങ്ങൾ സൂചിപ്പിച്ചു.
കഴിഞ്ഞ 18ന് ലോഹ്ഗഡ് കോട്ട സന്ദർശിക്കുന്നതിനിടെ കേതൻ അഗർവാൾ മലയിടുക്കിൽ നിന്ന് വീണ് മരിക്കുകയായിരുന്നു. ആദ്യം ഇതൊരു അപകടമരണമായിട്ടാണ് കരുതിയിരുന്നതെങ്കിലും, അന്വേഷണത്തിൽ സിയ ഗോയലും കാമുകൻ ചേതൻ ചൗധരിയും ചേർന്ന് ആസൂത്രണം ചെയ്ത കൊലപാതകമാണെന്ന് തെളിയുകയായിരുന്നു.