ടെക്സസ്: ഡാളസ് പട്ടണത്തിലെ മലയാളി പെന്തക്കോസ്തൽ സഭകളുടെ ഐക്യവേദിയായ ഡാളസ് സിറ്റി-വൈഡ് ഫെലോഷിപ്പിന്റെ (ഡിസിഎഫ്) പ്രവർത്തനോദ്ഘാടനം ഷാരോൺ ഫെലോഷിപ്പ് സഭയിൽ വച്ച് ഡാളസ് പട്ടണത്തിലെ സഭാ ശുശ്രൂഷകന്മാരുടെയും വിശ്വാസ സമൂഹത്തിന്റെയും സാന്നിധ്യത്തിൽ നടന്നു.
"ദൈവരാജ്യത്തിനായി ഐക്യപ്പെടുക' എന്നതായിരുന്നു സെമിനാറിന്റെ മുഖ്യ വിഷയം. കഴിഞ്ഞ ചില വർഷങ്ങളായി സിറ്റി-വൈഡിന് നേതൃത്വം നൽകിയ പാസ്റ്റർ മാത്യു ശാമുവലായിരുന്നു യോഗത്തിന് അധ്യക്ഷത വഹിച്ചത്.
ഡാളസ് പട്ടണത്തിലെ സഭകളെ ഒരു കുടക്കീഴിൽ നിർത്തുവാൻ ഡാളസ് സിറ്റി-വൈഡിന് കഴിഞ്ഞകാലങ്ങളിൽ നേതൃത്വം നൽകിയ നേതൃത്വത്തെയും കഴിഞ്ഞ നാൽപ്പത് വർഷമായി ചെയ്തുവരുന്ന പ്രവർത്തനങ്ങളെക്കുറിച്ചും അദ്ദേഹം എടുത്തുപറയുകയുണ്ടായി.
തുടർന്ന് ഡിസിഎഫിന്റെ ചെയർമാനായി ഈ വർഷം ചുമതലയേറ്റ പാസ്റ്റർ തോമസ് മുല്ലയ്ക്കൽ ഉദ്ഘാടന പ്രസംഗം നടത്തുകയുണ്ടായി. കഴിഞ്ഞ രണ്ടു മാസത്തിനുള്ളിൽ സംഘടനാപരമായി ചെയ്ത പ്രവർത്തനങ്ങളെക്കുറിച്ച് താൻ വിവരിക്കുകയുണ്ടായി.
ആദ്യമായി ഡിസിഎഫ് ടെക്സസിൽ രജിസ്റ്റർ ചെയ്തതും ക്രമീകൃതമായ പ്രവർത്തനങ്ങൾക്കായി 11 അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തതും ഈ വർഷത്തെ വിവിധ പ്രവർത്തനങ്ങളെ പരിചയപ്പെടുത്തിയതും വലിയ ആവേശത്തോടെയാണ് തിങ്ങിനിറഞ്ഞ സദസ് ഏറ്റെടുത്തത്.