ന്യൂഡൽഹി: സിബിഎസ്ഇ, പ്ലസ് ടു പരീക്ഷയുടെ മൂല്യനിർണയത്തിൽ തൃപ്തരല്ലാത്ത വിദ്യാർത്ഥികൾക്ക് ഉത്തരപേപ്പറിന്റെ സ്കാൻ ചെയ്ത പകർപ്പ് ലഭിക്കുന്നതിനായി അപേക്ഷിക്കാനുള്ള സമയപരിധി ബോർഡ് നീട്ടി. വെബ്സൈറ്റിലെ കടുത്ത സാങ്കേതിക തകരാറുകൾ മൂലം ലക്ഷക്കണക്കിന് വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാൻ കഴിയാതെ വന്നതോടെയാണ് നടപടി. പുതുക്കിയ തീയതി പ്രകാരം വിദ്യാർത്ഥികൾക്ക് തിങ്കളാഴ്ച അർധരാത്രി 11:59 വരെ ഔദ്യോഗിക പോർട്ടൽ വഴി ഓൺലൈനായി അപേക്ഷിക്കാം.
അപേക്ഷിക്കാനുള്ള അവസാന തീയതി ആദ്യം മേയ് 22 ആയിരുന്നെങ്കിലും വെബ്സൈറ്റ് തകരാറിനെ തുടർന്ന് ഇത് നീട്ടുകയായിരുന്നു. ഉത്തരപേപ്പറിനായി അപേക്ഷിക്കാനുള്ള പോർട്ടൽ തുറന്നത് മുതൽ ലോഗിൻ പരാജയപ്പെടുക, പേയ്മെന്റ് പേജ് തടസപ്പെടുക, ലിങ്കുകൾ ലഭ്യമാകാതിരിക്കുക തുടങ്ങിയ കടുത്ത തകരാറുകളാണ് വെബ്സൈറ്റ് നേരിടുന്നത്. പരീക്ഷാ ഫലം വന്നതിന് പിന്നാലെ സൈറ്റിലേക്കുണ്ടായ അമിതമായ ട്രാഫിക്കും ചില അനധികൃത ഇടപെടലുകളുമാണ് തകരാറിന് കാരണമായി സിബിഎസ്ഇ ചൂണ്ടിക്കാണിക്കുന്നത്.
വിദഗ്ധ സംഘം പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുന്നുണ്ടെന്ന് ബോർഡ് വ്യക്തമാക്കിയെങ്കിലും ഇപ്പോഴും പലർക്കും സൈറ്റ് കൃത്യമായി ഉപയോഗിക്കാൻ കഴിയുന്നില്ല. ഇത്തവണ തീയതികളിൽ മാത്രമല്ല, അപേക്ഷാ ഫീസിലും വലിയ മാറ്റമുണ്ട്. മുൻവർഷങ്ങളിൽ ഒരു സബ്ജക്റ്റിന് 700 രൂപയായിരുന്ന ഫീസ് ഇത്തവണ 100 രൂപയായി സിബിഎസ്ഇ കുത്തനെ കുറച്ചിട്ടുണ്ട് (ഏകദേശം 85% ഇളവ്). മാർക്ക് വെരിഫിക്കേഷൻ ഫീസും 500-ൽ നിന്ന് 100 രൂപയാക്കി കുറച്ചു.
സ്കാൻ ചെയ്ത ഉത്തരപേപ്പർ ലഭിച്ചതിന് ശേഷം മാത്രമേ വിദ്യാർത്ഥികൾക്ക് പുനർമൂല്യനിർണ്ണയത്തിന് അപേക്ഷിക്കാൻ സാധിക്കൂ. അപേക്ഷ വിജയകരമായി പൂർത്തിയാക്കുന്നവർക്ക് മെയ് 26 നും 29 നും ഇടയിൽ ഉത്തരപേപ്പറുകൾ പോർട്ടൽ വഴി ലഭ്യമാകും. ഒരു ചോദ്യത്തിന് 25 രൂപ നിരക്കിൽ ചോദ്യങ്ങൾ ചലഞ്ച് ചെയ്യാനുള്ള റീ-ഇവാലുവേഷൻ പോർട്ടൽ മെയ് 31 മുതൽ ജൂൺ 5 വരെ തുറന്നിരിക്കും.