ഇരിട്ടി: കേരളത്തോട് അതിർത്തി പങ്കിടുന്ന കർണാടകയുടെ കുടക് ജില്ലയിലും കാലം തെറ്റിയെത്തിയ മഴ കർഷകരെ കണ്ണീരിലാഴ്ത്തി. മഴയിൽ കുതിർന്ന് നിൽക്കുകയാണ് കാപ്പിയും കുരുമുളകും. ഇരുവിളകളും പറിച്ചെടുത്ത് ഉണക്കേണ്ട സമയത്താണ് മഴയെത്തിയത്. കുടകിൽ മൂന്ന് നാല് ദിവസമായി മൂടിക്കെട്ടിയ അന്തരീക്ഷമാണ്. കഴിഞ്ഞ ദിവസം കനത്ത മഴകൂടി പെയ്തതോടെ എല്ലാം മഴയിൽ കുതിർന്നു. ഉണക്കാനിട്ട നെല്ലും കാപ്പിക്കുരുവും മഴയിൽ മുങ്ങി.
വലിയ കളങ്ങളിൽ ഉണങ്ങാനിട്ട വിളകൾ തൊഴിലാളികൾ കഠിനശ്രമത്തിലൂടെ പ്ലാസ്റ്റിക് ഷീറ്റുകൾ ഉപയോഗിച്ച് മൂടാൻ ശ്രമിച്ചെങ്കിലും പകുതിയിലധികം ഉത്പന്നങ്ങളും മഴയിൽ മുങ്ങി. മഴ വീണ്ടും തുടർന്നാൽ മുഴുവൻ ഉത്പന്നങ്ങളും നശിക്കുമെന്ന ആശങ്കയിലാണ് കർഷകർ. വിളവെടുക്കാൻ പാകമായി നിൽക്കുന്ന കാപ്പിക്കുരു പറിച്ചെടുക്കാൻ കഴിയാതെ വീണുപോവുകയാണ്. മേഘാവൃതമായ കാലാവസ്ഥ കാരണം കഴിഞ്ഞ നാല് ദിവസമായി മലനാട് മേഖലയിലെ കർഷകർക്ക് കാപ്പി ഉണക്കുന്നത് വെല്ലുവിളിയായി മാറിയിട്ടുണ്ട്. ഉണക്കാൻ വച്ച കാപ്പി വെള്ളത്തിൽ പൊങ്ങിക്കിടക്കുന്നത് കർഷകരെ ആശങ്കപ്പെടുത്തുന്നു. മേഖലയിലെ കലാസ, കുദ്രേമുഖ്, മുദിഗരെ, ഹൊറനാട്, ശൃംഗേരി, ചിക്കമംഗളൂരു എന്നിവിടങ്ങളിൽ കനത്ത മഴ പെയ്തു.
ഏറെ നഷ്ടം മലയാളികൾക്ക്
വിളവെടുപ്പുകാലത്തെ മഴ കുടകിലെ കർഷകരേക്കാൾ കൂടുതൽ ബാധിക്കുക മലയാളികളെയാണ്. കുടകിലെ തോട്ടങ്ങളിൽ ഭൂരിഭാഗവും പാട്ടത്തിനെടുക്കുന്നത് മലയാളികളാണ്. കൃഷിയിടത്തിലെ ഉത്പന്നത്തിന്റെ വില കണക്കാക്കി പാട്ടം എടുക്കുകയും പാട്ടത്തുകയുടെ നിശ്ചിത ശതമാനം മുൻകൂറായി തോട്ടം ഉടമയ്ക്ക് നൽകുകയുമാണ് ചെയ്യുന്നത്. വിളവെടുപ്പ് സമയത്ത് ഉടമയോ, ഉടമ നിശ്ചയിക്കുന്ന ആളുടേയൊ മേൽനോട്ടത്തിൽ പറിച്ച് ഉണക്കി ബാക്കി പാട്ടത്തുകയും നൽകിയാൽ മാത്രമേ ഉത്പന്നം പാട്ടം കൊണ്ടയാൾക്ക് വില്പന ചെയ്യാൻ പറ്റൂ. വിളവെടുക്കുന്നതിലും ഉണക്കിയെടുക്കുന്നതിലും ഉണ്ടാകുന്ന നഷ്ടം ഏറെയാണ്.
പലരും ബാങ്ക് വായ്പയെടുത്തോ, വട്ടപ്പലിശക്കാരിൽ നിന്ന് പണം വാങ്ങിയോയാണ് കുടകിലെ തോട്ടങ്ങൾ പാട്ടത്തിനെടുക്കുന്നത്. അടുത്ത കാലത്തെങ്ങും ഉണ്ടാകാത്ത കാലാവസ്ഥാ മാറ്റമാണ് ഉണ്ടായതെന്ന് പ്രദേശവാസികളും കർഷകരും പറയുന്നു.