റിയാദ്: വിദേശ വിനോദസഞ്ചാരികൾക്കായി ആറ് ഗൾഫ് രാജ്യങ്ങളെയും കോർത്തിണക്കിക്കൊണ്ടുള്ള ഏകീകൃത ടൂറിസ്റ്റ് വീസ പദ്ധതി യാഥാർഥ്യത്തിലേക്ക്.
യൂറോപ്യൻ രാജ്യങ്ങളിലെ "ഷെംഗൻ' മാതൃകയിൽ ഒരു വീസ ഉപയോഗിച്ച് സൗദി അറേബ്യ, യുഎഇ, ഖത്തർ, കുവൈത്ത്, ബഹ്റിൻ, ഒമാൻ എന്നീ ആറ് ജിസിസി രാജ്യങ്ങളിലും യാത്ര ചെയ്യാൻ അവസരമൊരുക്കുന്നതാണു പുതിയ പദ്ധതി.
റിയാദിൽ നടന്ന "സെക്യൂരിറ്റി ആൻഡ് ഹിസ്റ്ററി ഡയലോഗ് 2026' സമ്മേളനത്തിൽ ജിസിസി സെക്രട്ടറി ജനറൽ ജാസെം മുഹമ്മദ് അൽബുദൈവിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. പദ്ധതി ഗൾഫ് രാജ്യങ്ങൾ തമ്മിലുള്ള സഹകരണം വർധിപ്പിക്കുന്നതിനും മേഖലയിലെ ടൂറിസം മേഖലയ്ക്കു വലിയ ഉണർവ് നൽകുന്നതിനും നിർണായക ചുവടുവയ്പായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ വീസയുടെ ഫീസ്, പ്രാബല്യത്തിൽ വരുന്ന തീയതി, കാലാവധി, അപേക്ഷാ നടപടിക്രമങ്ങൾ എന്നിവ സംബന്ധിച്ച വിവരങ്ങൾ വരുംദിവസങ്ങളിൽ മാത്രമേ ഔദ്യോഗികമായി പ്രഖ്യാപിക്കൂ.
പദ്ധതി കടന്നുവന്ന വഴികൾ
2023ൽ നടന്ന ജിസിസി സുപ്രീം കൗൺസിൽ യോഗത്തിലാണ് ഏകീകൃത വീസ പദ്ധതിക്കു തത്വത്തിൽ അംഗീകാരം ലഭിക്കുന്നത്. തുടർന്ന് ടൂറിസം, ആഭ്യന്തര മന്ത്രിമാരുടെ യോഗങ്ങൾ ഇതിന് അന്തിമ രൂപം നൽകി.
"ജിസിസി ഗ്രാൻഡ് ടൂർസ്' (GCC Grand Tours) എന്ന പേരിലാണ് ഈ ഏകീകൃത വീസ അറിയപ്പെടുകയെന്ന് 2024ൽ ദുബായിൽ നടന്ന അറേബ്യൻ ട്രാവൽ മാർക്കറ്റിൽ വച്ച് യുഎഇ സാമ്പത്തിക മന്ത്രി അബ്ദുല്ല ബിൻ തൗഖ് അൽ മർറി അറിയിച്ചിരുന്നു. 2026ൽതന്നെ വീസ വിതരണം ആരംഭിക്കുമെന്നാണ് സൗദി ടൂറിസം മന്ത്രി അഹമ്മദ് അൽ ഖത്തീബും നേരത്തേ സൂചിപ്പിച്ചത്.
യാത്രക്കാർക്കുള്ള നേട്ടങ്ങൾ
ജിസിസി ഇതര പൗരന്മാരായ അന്താരാഷ്ട്ര സഞ്ചാരികൾക്കാണ് ഈ സൗകര്യം ലഭിക്കുക. നിലവിൽ ഓരോ ഗൾഫ് രാജ്യങ്ങൾ സന്ദർശിക്കാനും പ്രത്യേകം വീസ എടുക്കേണ്ടതുണ്ട്. പുതിയ വീസ നിലവിൽ വരുന്നതോടെ ഓരോ രാജ്യത്തിനും വെവ്വേറെ വീസ ഫീസും അപേക്ഷയും സമർപ്പിക്കേണ്ടി വരില്ല. ഇത് വിനോദസഞ്ചാരികളുടെ ചെലവ് ഗണ്യമായി കുറയ്ക്കും.
ഒന്നു മുതൽ മൂന്നു മാസം വരെ (30 മുതൽ 90 ദിവസം വരെ) കാലാവധിയുള്ള വീസയാണ് പ്രതീക്ഷിക്കുന്നത്. ഗൾഫ് രാജ്യങ്ങളിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ, ചരിത്ര-സാംസ്കാരിക ഇടങ്ങൾ, ഷോപ്പിംഗ് മേളകൾ എന്നിവ ആസ്വദിക്കാൻ യാത്രാപ്രേമികൾക്ക് മികച്ച അവസരമാണ് ഇതിലൂടെ കൈവരുന്നത്.
സംയുക്ത യാത്രാ പാക്കേജുകൾ അവതരിപ്പിക്കാൻ ടൂർ ഓപ്പറേറ്റർമാർക്കും ഈ തീരുമാനം വലിയ ഊർജം പകരും. അപേക്ഷകൾ സമർപ്പിക്കാനുള്ള ഔദ്യോഗിക വെബ് പോർട്ടലും നിബന്ധനകളും ഉടൻ പുറത്തിറക്കും.