കറാച്ചി: ബലൂചിസ്ഥാൻ വനിതാ കമാൻഡോകളുടെ ആക്രമണത്തിൽ ഒമ്പതു പാക് സൈനികർ കൊല്ലപ്പെട്ടു. ബിഎൽഎഫിന്റെ പുതുതായി രൂപീകരിച്ച വനിതാ സായുധ യൂണിറ്റായ കരീമ ആംഡ് അസോൾട്ട് ഡിവിഷനാണ് ആക്രമണത്തിന് പിന്നിലെന്നാണ് സംഘടനയുടെ അവകാശവാദം. തുർബത്തിലെ ജുസാക്കിന് സമീപം സഞ്ചരിച്ചിരുന്ന സൈന്യത്തിക സംഘത്തിനുനേരെയാണ് ആക്രമണമുണ്ടായത്.
തുടർന്ന് കലാത് ജില്ലയിലെ മംഗുചാർ മേഖലയിലും വനിതാ യൂണിറ്റ് സൈനിക വാഹനവ്യൂഹത്തെ ആക്രമിച്ചതായി ബിഎൽഎഫ് അവകാശപ്പെട്ടു. ഈ രണ്ട് ആക്രമണങ്ങളിലുമായി ഒമ്പതു സൈനികർ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ട്. ആക്രമണത്തിന്റെ ദൃശ്യങ്ങളും ബിഎൽഎഫ് പുറത്തുവിട്ടിട്ടുണ്ട്. വനിതാ പോരാളികൾ സൈനിക വാഹനങ്ങൾക്ക് നേരെ വെടിയുതിർക്കുന്നതും ആക്രമണത്തിന് ശേഷം പിൻവാങ്ങുന്നതും ദൃശ്യങ്ങളിലുണ്ട്.
അതേസമയം സംഭവം സംബന്ധിച്ച് പാക് അധികൃതരുടെ സ്ഥിരീകരണം ഇതുവരെ ലഭ്യമായിട്ടില്ല. കാനഡയിലെ ടൊറന്റോയിൽ 2020ൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ ബലൂച് സ്റ്റുഡന്റ്സ് ഓർഗനൈസേഷൻ മുൻ ചെയർപഴ്സൺ കരിമ ബലൂചിന്റെ സ്മരണാർഥമാണ് വനിതാ സായുധ വിഭാഗത്തിനു ഈ പേര് നൽകിയിരിക്കുന്നത്.