കൊച്ചി: നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വർഷങ്ങളായി ഉപയോഗിക്കാതെ അടഞ്ഞുകിടക്കുന്ന വീടുകളും ഫ്ലാറ്റുകളും ബഹുനില കെട്ടിടങ്ങളും നഗരത്തിന് തലവേദനയാകുന്നു. ഉടമസ്ഥാവകാശ തർക്കങ്ങൾ, കോടതി വ്യവഹാരങ്ങൾ, സാമ്പത്തിക പ്രതിസന്ധി, നിർമാണം പൂർത്തിയാകാത്തത് തുടങ്ങിയ കാരണങ്ങളാൽ ഉപേക്ഷിക്കപ്പെട്ട കെട്ടിടങ്ങളാണ് ഏറെയും. ആളൊഴിഞ്ഞ ഇത്തരം കെട്ടിടങ്ങൾ സാമൂഹികവിരുദ്ധരുടെ താവളമാകുന്നതായും ലഹരി ഉപയോഗവും മറ്റ് നിയമവിരുദ്ധ പ്രവർത്തനങ്ങളും നടക്കുന്നതായുമുള്ള പരാതികളും ഏറുകയാണ്.
വർഷങ്ങളായി പരിപാലനമില്ലാതെ കിടക്കുന്ന കെട്ടിടങ്ങളുടെ വാതിലുകളും ജനലുകളും തകർന്ന നിലയിലായതോടെ എളുപ്പത്തിൽ അതിക്രമിച്ചു കയറാൻ കഴിയുന്ന സ്ഥിതിയാണ് പല സ്ഥലങ്ങളിലും.
രാത്രി കാലങ്ങളിൽ ഇത്തരം കെട്ടിടങ്ങളിൽ അനധികൃതമായി ആളുകൾ കയറുന്നതായും സമീപവാസികൾ പരാതിപ്പെടുന്നു. ഉപേക്ഷിക്കപ്പെട്ട കെട്ടിടങ്ങൾ കേന്ദ്രീകരിച്ച ലഹരി ഇടപാടുകളും ക്രിമനൽ കുറ്റങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുന്നും ആശങ്കയുളവാക്കുന്നതാണ്. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനു സമീപത്തെ ഉപേക്ഷിക്കപ്പെട്ട ബഹുനില കെട്ടിടത്തിൽ കഴിഞ്ഞ മേയ് അഞ്ചിന് ഒരു സ്ത്രീയെ ആക്രമിക്കാൻ മൂന്നംഗ സംഘം ശ്രമിച്ച സംഭവം ഉണ്ടായിരുന്നു. സംഭവത്തിനു പിന്നാലെ നഗരത്തിലെ ഉപേക്ഷിക്കപ്പെട്ടതും അപകടസാധ്യതയുള്ളതുമായ കെട്ടിടങ്ങൾ കണ്ടെത്തി പട്ടിക തയാറാക്കാനും രാത്രികാല പട്രോളിംഗ് ശക്തമാക്കാനും പൊലിസ് നിർദേശം നൽകിയിരുന്നു.
പല കെട്ടിടങ്ങളും സ്വകാര്യ ഉടമസ്ഥതയിലുള്ളതും നിയമ വ്യവഹാരങ്ങളിൽ പെട്ടവയുമാണ്. ഇതുമൂലം കെട്ടിടം പൊളിച്ചുനീക്കുന്നതുൾപ്പെടെയുള്ള നടപടികൾ തദ്ദേശ സ്ഥാപനങ്ങൾക്ക് എളുപ്പത്തിൽ സ്വീകരിക്കാനാകുന്നില്ല. ഉടമകളെ കണ്ടെത്തുന്നതും നിയമനടപടികൾ പൂർത്തിയാക്കുന്നതും പലപ്പോഴും വർഷങ്ങളെടുക്കുന്നു. സർക്കാർ സ്ഥാപനങ്ങളുടെ ഭാഗത്തുനിന്നുള്ള പല നടപടികളും ഫലം കാണാതെ പോകുന്നതിനുകാരണവും ഇതൊക്കെയാണ്.
കൊച്ചി കോർപറേഷൻ കണക്കെടുപ്പ് തുടങ്ങി
കൊച്ചി: താമസിക്കാനും ഉപയോഗിക്കാനും കഴിയാതെ ഉപേക്ഷിക്കപ്പെട്ട ഫ്ലാറ്റുകളും ബഹുനില കെട്ടിടങ്ങളും വീടുകളും ഉൾപ്പെടെ നഗരത്തിൽ കാലങ്ങളായി ഒഴിഞ്ഞു കിടക്കുന്ന കെട്ടിടങ്ങളുടെ കണക്കെടുപ്പ് ആരംഭിച്ച് കൊച്ചി കോർപറേഷൻ. കെ–സ്മാർട്ടിലൂടെ ലഭിക്കുന്ന വേക്കൻസി റിമിഷൻ അപേക്ഷകൾ ഉൾപ്പടെയുള്ള വിവരങ്ങൾ ശേഖരിച്ചാണ് ആദ്യഘട്ടത്തിൽ കണക്കെടുപ്പ് നടത്തുന്നത്.
ആറുമാസം തുടർച്ചയായി കെട്ടിടം ഒഴിഞ്ഞുകിടന്നാൽ നികുതി ഇളവ് ലഭിക്കുന്നതിനുള്ള സംവിധാനമാണ് വേക്കൻസി റിമിഷൻ. എറണാകുളം സെൻട്രൽ, എറണാകുളം നോർത്ത്, അയ്യപ്പൻകാവ് ഡിവിഷനുകളിൽനിന്നു മാത്രം 752 കെട്ടിടങ്ങളുടെ അപേക്ഷകൾ ലഭിച്ചതായി കോർപറേഷൻ റവന്യൂ വിഭാഗം അറിയിച്ചു. മറ്റു ഡിവിഷനുകളിൽനിന്നുള്ള വിവരങ്ങൾ കൂടി ശേഖരിച്ച് സമഗ്ര പട്ടിക തയാറാക്കുന്ന നടപടിയാണ് നടക്കുന്നത്.
പുനരുപയോഗമാണ് നല്ല മാർഗം
കൊച്ചി: ഉപേക്ഷിക്കപ്പെട്ട കെട്ടിടങ്ങളെല്ലാം പൊളിച്ചു മാറ്റണമെന്നതല്ല പരിഹാരമെന്ന് കൊച്ചി കോർപറേഷൻ മുൻ മേയറും നഗരാസൂത്രണ വിദഗ്ധനുമായ കെ.ജെ. സോഹൻ ചൂണ്ടിക്കാട്ടുന്നു. നിലവിലുള്ള പൊതുസൗകര്യങ്ങളും കെട്ടിടങ്ങളും അഡാപ്റ്റീവ് റീയൂസ് വഴി പുതിയ ആവശ്യങ്ങൾക്ക് ഉപയോഗപ്പെടുത്തുന്നതാണ് സാമ്പത്തികമായും പരിസ്ഥിതിപരമായും കൂടുതൽ പ്രായോഗികം.
പുതിയ കെട്ടിടങ്ങൾക്കായി വൻതുക ചെലവഴിക്കുന്നതിനേക്കാൾ നല്ലത് ഇതാണെന്നും അദ്ദേഹം പറയുന്നു.